തലശ്ശേരിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ നിന്ന് 'എ' വിഭാഗം വിട്ടുനിന്നു

Published on 07 March 2020 12:50 pm IST
×

തലശ്ശേരി: കെ. ശിവദാസനെ സംഘടന പരിപാടികളില്‍ ഉള്‍പ്പെടെ മാറ്റി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് തലശ്ശേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഇന്ന് നടന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ 'എ' വിഭാഗം വിട്ടുനിന്നു. തങ്ങളെ അറിയിക്കാതെ നടത്തിയ പരിപാടിയായതിനാലാണ് വിട്ടു നിന്നതെന്ന് 'എ' വിഭാഗം അറിയിച്ചു. 

ഡി.സി.സി മെമ്പര്‍ കെ. ശിവദാസന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഉസ്മാന്‍ പി. വടക്കുമ്പാട്, ഗഫൂര്‍ മനയത്ത്, കെ. സജീവന്‍, അനസ് ചാലില്‍, വി.കെ.വി റഹീം, നടമ്മല്‍ രാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാറിനിന്നത്. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് യോഗത്തില്‍ കെ. ശിവദാസനെ ഉള്‍പ്പെടെ വിളിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. ഡി.സി.സി പ്രസിഡന്റ് രേഖാമൂലം എഴുതി നല്‍കുന്നതുവരെ ഡി.സി.സിയില്‍ ബഹിഷ്‌ക്കരണമടക്കമുള്ള പ്രതിഷേധങ്ങള്‍ കടുപ്പിക്കാനാണ് 'എ' ഗ്രൂപ്പിന്റെ തീരുമാനം. അതേസമയം, കണ്ണൂരിലെ 'എ' വിഭാഗത്തിന്റെ തണുപ്പന്‍ ശ്രമങ്ങള്‍ക്കെതിരേയും വിമര്‍ശനമുണ്ട്. നേരത്തെ എ ഗ്രൂപ്പിന് ജില്ലയില്‍ രണ്ട് കെ.പി.സി.സി ജനല്‍ സെക്രട്ടറിമാര്‍ ഉണ്ടായിടത്ത് ഇക്കുറി ഒന്നും കിട്ടാത്ത അവസ്ഥയിലെത്തി. ഗ്രൂപ്പിന്റെ കീഴടങ്ങലും കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കാത്തതുമാണ് ഇതിന്റെ കാരണം. 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ഏവരെയും ഒന്നിപ്പിക്കാന്‍ ശ്രമം ഉണ്ടാവാന്‍ നേതൃത്വം മുന്‍കൈ എടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തില്‍ സമാന്തര പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബ്ലോക്ക് കമ്മിറ്റികളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബ്ലോക്ക് കമ്മിറ്റികള്‍ക്ക് പുതിയ അധ്യക്ഷന്‍മാരെ നിയമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പായില്ല. തലശ്ശേരിയില്‍ പാര്‍ട്ടികത്തെ വിഭാഗീയത കൊണ്ട് സംഘടനാ പ്രവര്‍ത്തനം തന്നെ നിര്‍ജ്ജീവമായ അവസ്ഥയിലാണ്. പാര്‍ട്ടികത്തെ വിഭാഗീയതയാണ് കെ.പി.സി.സി അംഗം മമ്പറം ദിവാകരന്‍ പ്രസിഡന്റായ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രിക്കെതിരെയുള്ള നീക്കമെന്ന് ഒരു വിഭാഗം പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait