പൊയിലൂരില്‍ പോലീസ് വാഹനം തടയാന്‍ ശ്രമം; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Published on 07 March 2020 12:05 pm IST
×

തലശ്ശേരി: പൊയിലൂര്‍ പുല്ലായി തോടില്‍ മദ്യപ സംഘത്തെ പിടികൂടിയ പോലീസ് വാഹനത്തെ തടയാന്‍ ശ്രമിച്ച രണ്ടു സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കൊളവല്ലൂര്‍ പോലീസ് കേസെടുത്തു. 

ഇന്നലെ രാത്രി 8.30 ഓടെ പുല്ലായി തോട് ഖാദി വികസന ബോര്‍ഡ് ഓഫീസ് പരിസരത്തു നിന്നും പരസ്യ മദ്യപാനവും, ബഹളവും ഉണ്ടാക്കിയവരെ എസ്.ഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ചെറുവാഞ്ചേരി സ്വദേശികളായ രണ്ടുപേരെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട കിഴക്കയില്‍ ഷാനില്‍ (24), കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് ബൈക്കിലെത്തി പൊയിലൂര്‍ പള്ളിക്കു സമീപത്തുവെച്ച് വാഹനം തടഞ്ഞ് പിടികൂടിയവരെ മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ ഇവര്‍ രക്ഷപ്പെട്ടു. 

ഈ സംഭവത്തിലും, പുല്ലായി തോടിലെ ബി.ജെ.പി പ്രവര്‍ത്തകനായ ചെറയില്‍ സതീശനെ ആയുധ സമേതം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സതീശനാണ് പോലീസിനെ വിളിച്ചത് എന്നാരോപിച്ചാണ് ഷാനില്‍ ആയുധവുമായി വീട്ടിലെത്തി ഭീഷണി മുഴക്കിയത്. പുല്ലായിതോട് ഖാദി വികസന ബോര്‍ഡ് ഓഫീസ് പരിസരം ലഹരി സംഘങ്ങളുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കട തകര്‍ത്തതും മദ്യപ സംഘമായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait