വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ട അഗസ്തിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കണം 

Published on 07 March 2020 11:44 am IST
×

കൊട്ടിയൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ട കൊട്ടിയൂര്‍ പന്ന്യാംമലയിലെ മേല്‍പാനം തോട്ടത്തില്‍ അഗസ്തിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തിരമായി നല്‍കണമെന്നും, കൊട്ടിയൂര്‍ മേഖലയില്‍ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യത്തില്‍ നിന്ന് കൃഷിക്കാരെയും കൃഷിയെയും സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും, മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും അയച്ച കത്തിലൂടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍  ആവശ്യപ്പെട്ടു. 

വന്യമൃഗ ശല്യം മലയോര മേഖലയില്‍ രൂക്ഷമാണ്. കാട്ടില്‍ ചൂട് കൂടുമ്പോള്‍ കാട്ടാനയടക്കം നാട്ടിലേക്ക് ഇറങ്ങുകയാണ്. സോളാര്‍ വൈദ്യുതി കമ്പി വേലി കാട്ടാനകളെ തടയാന്‍ പര്യാപ്തമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കൊട്ടിയൂര്‍ മേഖലയില്‍ സോളാര്‍ ഉപയോഗിച്ചുള്ള കമ്പിവേലി കെട്ടിയിട്ടുണ്ട്. എന്നാല്‍ കാട്ടാനകള്‍ അത് തകര്‍ത്തുകൊണ്ടാണ് നാട്ടിലേക്കിറങ്ങുന്നത്. അത്തരത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റാണ് അഗസ്തി മരണപ്പെട്ടത്. സമാന രീതിയില്‍ ഇതിനു മുമ്പും വന്യമൃഗ ആക്രമണത്തില്‍ പലരും മരണപ്പെട്ടിട്ടുണ്ട്. ആറളത്ത് റെയില്‍ സെന്‍സിങ്ങും മതിലും കെട്ടുന്ന പദ്ധതിക്ക്  22 കോടി രൂപാ ചിലവില്‍ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. സമാന രീതിയില്‍ കൊട്ടിയൂര്‍ മേഖലയിലും ഒരു പദ്ധതി നടപ്പാക്കണം. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയും വനം മന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും, കൃഷിക്കാരെയും കൃഷിയെയും സംരക്ഷിക്കണമെന്നും ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. 

കൊട്ടിയൂരില്‍ മരണപ്പെട്ട അഗസ്തിയുടെ പന്നിയാംമലയിലെ വീടും കുടുംബാംഗങ്ങളേയും എം.വി ജയരാജന്‍ സന്ദര്‍ശിച്ചു. അഗസ്തിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. പി ഹരീന്ദ്രന്‍, എം.എസ് വാസുദേവന്‍ എന്നിവരും ജില്ലാ സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait