ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരായ വിലക്ക് പിന്‍വലിച്ചു

Published on 07 March 2020 11:09 am IST
×

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരക്ക് നിലവില്‍ വന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് അര്‍ദ്ധരാത്രി ഒന്നരയോടെയാണ് നീക്കിയത്. ദില്ലിയിലെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ 1994-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ ലംഘനം ആരോപിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്, മീഡിയാ വണ്ണിന്റെ വിലക്ക് ഇന്ന് രാവിലെ ഒമ്പതരയോടെ നീക്കി. 

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ-സാമൂഹിക-മാധ്യമ മേഖലകളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാവണിനേയും വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഹീന ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയനും കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait