പയ്യാമ്പലം പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കും; ഏപ്രില്‍ ഒന്നിന് തുടക്കം

Published on 07 March 2020 10:56 am IST
×

കണ്ണൂര്‍: ആരോഗ്യകരമായ വിനോദസഞ്ചാരം എന്ന ലക്ഷ്യത്തോടെ പയ്യാമ്പലത്തെ പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കാന്‍ തീരുമാനം. സി.ആര്‍.സെഡ് ഫണ്ടില്‍ നിന്നുള്ള 30 ലക്ഷത്തോളം രൂപ ചെലവില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമിഷന്‍, ജില്ലാഭരണകൂടം, കോര്‍പ്പറേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഇതിനായി പദ്ധതി തയ്യാറാക്കും. 

പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്ക് സാമഗ്രികള്‍ക്കൊപ്പം എല്ലാതരം പ്ലാസ്റ്റിക്കുകളുടെയും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദേശത്ത് കര്‍ശനമായി നിരോധിക്കും. പ്ലാസ്റ്റിക്ക് ക്യാരി ബാഗ്, നോണ്‍ വുവണ്‍ ക്യാരി ബാഗ്, പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയിട്ടുള്ള ഫ്ളക്സ്/ബാനര്‍, പ്ലെയ്റ്റ്, കപ്പ്, സ്ട്രോ, സ്പൂണ്‍, കുപ്പികള്‍, പൗച്ച്, കൊടികള്‍, ഷീറ്റ്സ്, കൂളിങ്ങ് ഫിലിം, അലങ്കാര വസ്തുക്കള്‍, തെര്‍മോകോള്‍ വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ നിരോധനത്തില്‍പെടും. പ്ലാസ്റ്റിക്ക് നിക്ഷേപിക്കുന്നവരെ പിടികൂടി പിഴ ചുമത്താനും തീരുമാനമുണ്ട്. ഇതിനൊപ്പം പദ്ധതി പ്രദേശത്ത് മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. പുറമെ നിന്ന്് ആള്‍ക്കാരെത്തി മാലിന്യ നിക്ഷേപം നടത്തുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് ഈ നിര്‍ദ്ദേശം. പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വിവിധയിടങ്ങളില്‍ നീരീക്ഷണ ക്യാമറ സ്ഥാപിക്കാനും തീരുമാനമുണ്ട്.

പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തും. ഇതിനു പുറമെ കുടിവെള്ളത്തിന് വാട്ടര്‍ കിയോസ്‌ക്കുകള്‍ പോലുള്ള സംവിധാനവും ഒരുക്കും. കൂടുതല്‍ ശൗചാലയം ഉള്‍പ്പടെ സന്ദര്‍ശകര്‍ക്ക്് മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയിലൂടെ. ബീച്ച് പരിധിയില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ സാധനങ്ങള്‍ വില്‍പ്പന നടത്താന്‍ പാടുള്ളു. ഐസ്‌ക്രീം പോലുള്ള വിഭവങ്ങള്‍ വില്‍ക്കുമ്പോള്‍ പ്ലാസ്റ്റിക്ക് കൂടുകള്‍ ഇല്ലെന്ന് വ്യാപാരികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. ബീച്ച് പരിസരത്തെ വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ കോര്‍പ്പറേഷന്റെ സഹായത്തോടെ നടപടി സ്വീകരിക്കും.

പദ്ധതിയുടെ നിയന്ത്രണത്തിനായി കുടുംബശ്രീയുമായി ചേര്‍ന്ന് ഹരിത കര്‍മ്മസേനയെ രൂപീകരിക്കും. പത്തോളം പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. സെക്യൂരിറ്റിയെയും പ്രദേശത്ത് നിയോഗിക്കും. ശനി, ഞായര്‍ ദിവങ്ങളിലാണ് പയ്യാമ്പലത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നത്. ഈ സമയങ്ങളില്‍ ഉണ്ടാകുന്ന പാര്‍ക്കിങ്ങ് പ്രശ്നം പരിഹരിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. ബീച്ച് പരിസരത്തെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും കോര്‍പ്പറേഷന്റെ സഹകരണത്തോടെ പേ പാര്‍ക്കിങ്ങ് സംവിധാനവും ആലോചനയിലുണ്ട്. 

പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സന്ദര്‍ശകരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കുന്നതെന്നും പരാതി രഹിതമായ വിനോദ സഞ്ചാരമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്നും യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. പ്രദേശത്തെ വ്യാപാരികളും ബീച്ചിലെത്തുന്ന സന്ദര്‍ശകരും പദ്ധതിയോട് സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait