ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും രണ്ടുദിവസത്തെ വിലക്ക്

Published on 06 March 2020 10:41 pm IST
×

ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ വിലക്കി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്ന് വൈകിട്ട് 7.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 7.30 വരെ സംപ്രേഷണം നിര്‍ത്തിവെക്കാനാണ് ഉത്തരവ്. 

1995-ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് (നിയന്ത്രണം) നിയമത്തിലെ 6 (1), (സി), 6 (1) (ഇ) എന്നീ ചട്ടങ്ങള്‍ ഈ വാര്‍ത്താചാനലുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വെവ്വേറെ ഉത്തരവുകളില്‍ പറഞ്ഞു. മത വിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് 6 (1), (സി) ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഉത്തരവില്‍ വിശദീകരിച്ചു. ആക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് 6 (1) (ഇ) ചട്ടത്തില്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ എല്ലാ വാര്‍ത്താ ചാനലുകളോടും ആവശ്യപ്പെട്ടിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait