പോലീസിന്റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍

Published on 06 March 2020 10:33 pm IST
×

ചെറുകുന്ന്: കണ്ണപുരം, താവം ഭാഗങ്ങളില്‍ ഓയില്‍ മില്‍ കേന്ദ്രീകരിച്ചും കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നെടുമല സന്തോഷ് എന്ന തുരപ്പന്‍ സന്തോഷിനെ (36) കണ്ണപുരം പോലീസ് പിടികൂടി. താവം പ്രഭാത് ഓയില്‍ മില്‍, യോഗശാലയിലെ രാജീവ് ഓയില്‍ മില്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്നു ലക്ഷത്തോളം രൂപയുടെ കൊപ്ര മോഷണം നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്തോഷിനെ പിടികൂടിയത്. 

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീടുകളിലും കടകളിലും സ്ഥാപിച്ച 30 ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചമാണ് പോലീസ് പ്രതിയുടെ ഒളി സങ്കേതം കണ്ടെത്തി വലയിലാക്കിയത്. കണ്ണൂര്‍ ടൗണില്‍ പോലീസിനെ ആക്രമിച്ചതിന് ജയിലില്‍ കഴിയുന്ന ക്വട്ടേഷന്‍ അംഗമായ ഷമീം എന്ന ചാണ്ടി ഷമിം എന്നയാള്‍ ജയില്‍ വെച്ച് പരിചയപ്പെട്ട് സന്തോഷിനെ പുതിയതെരു ആശാരി കമ്പനിക്കു സമീപമുള്ള വീടിനു സമീപത്തെ ബ്രൈഡല്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ താമസിപ്പിക്കുകയായിരുന്നു. പ്രസ്തുത സ്ഥാപനത്തില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കമ്പില്‍, മയ്യില്‍ ഭാഗങ്ങളില്‍ വില്‍പന നടത്തിയ കൊപ്രകള്‍ പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

എസ്.എച്ച്.ഒ ടി.വി ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐമാരായ മനേഷ് നെടുംപറമ്പില്‍, എം.പി നികേഷ്, ചന്ദ്രശേഖരന്‍ പ്രമോദ്, എസ്.സി.പി.ഒമാരായ അരുണ്‍, സുരേഷ്, മഹേഷ്, സി.പി.ഒ അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂട്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവികള്‍ അഭിനന്ദിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait