ജില്ലയില്‍ 10 ദിവസത്തിനിടെ ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത് മൂന്നു കുരുന്ന് ജീവനുകള്‍ 

Published on 06 March 2020 9:46 pm IST
×

കണ്ണൂര്‍: ജില്ലയില്‍ 10 ദിവസത്തിനിടെ ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത് മൂന്നു കുരുന്ന് ജീവനുകള്‍. പേരാവൂരിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍, ചൊക്ലിയിലെ നവതേജ് എന്നീ കുരുന്നുകള്‍ക്ക് പുറമെ ചെണ്ടയാട്ടെ ആറുവയസുകാരി ആന്‍വിയക്കുമാണ് സ്‌കൂളുകളിലേക്കുള്ള യാത്രക്കിടെ നടന്ന വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത്. വിടരും മുമ്പേ കൊഴിഞ്ഞുപോയ കുരുന്നുകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോഴും ബോധവത്ക്കരണങ്ങള്‍ക്കുമപ്പുറം ഇത്തരം ദുരന്തങ്ങള്‍ തടയാനുളള ശക്തമായ നടപടികളും ഊര്‍ജിതമാക്കിയേ മതിയാകൂ.

ഇക്കഴിഞ്ഞ മാര്‍ച്ച് 25-നാണ് പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് റഫാന്‍ സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതേ ബസ് തട്ടി മരിച്ചത്. ബസ്സിനു മുന്നില്‍ കൂടി എതിര്‍വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തതായിരുന്നു അപകട കാരണം. അപകടത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പോലീസ്, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികളും എടുത്തു. അന്ന് തന്നെയാണ് ചൊക്ലിയില്‍ ഓട്ടോ മറിഞ്ഞ് ഒന്‍പത് വിദ്യാര്‍ത്ഥികളുള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നവതേജ് ചികിത്സയിലിരിക്കെ മാര്‍ച്ച് 2ൃന് മരണപ്പെട്ടു. ഈ അപകടത്തിലും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചൊക്ലി പോലീസ് കേസെടുത്തു. വ്യാഴാഴ്ച ബൈക്കില്‍ മിനി ലോറിയിടിച്ചാണ് സെന്‍ട്രല്‍ പുത്തൂര്‍ എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ആന്‍വിയ ദാരുണമായി മരണപ്പെട്ടത്. മിനിലോറിയും ബൈക്കും അമിത വേഗത്തിലായിരുന്നു. മിനി ലോറി പെട്ടന്ന് വലത്തോട്ട് വളച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് മിനി ലോറിയിലിടിക്കുകയായിരുന്നു. 

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാഞ്ഞതാണ് മൂന്ന് അപകടങ്ങള്‍ക്കും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പും പോലീസും ശക്തമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. സ്‌കൂള്‍ ബസ്സുകളും വാഹനങ്ങളും യാത്രാചെലവ് വസൂലാക്കാന്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ചാണ് ഓടുന്നത്. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍മാരുണ്ടാവണമെന്ന നിര്‍ദ്ദേശവും കടലാസിലൊതുങ്ങി. ഈ നിര്‍ദ്ദേശം പാലിച്ചിരുന്നെങ്കില്‍ മുഹമ്മദ് റഫാന് ജീവന്‍ നഷ്ടമാവില്ലായിരുന്നു. ചൊക്ലിയില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയിലുണ്ടായിരുന്നത് 9 വിദ്യാര്‍ത്ഥികളടക്കം 12 പേരാണ്. അമിതഭാരം തന്നെയാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തം. അപകടമുണ്ടായാല്‍ കുറച്ച് ദിവസത്തേക്ക് സ്‌കൂള്‍ അധികൃതരും പോലീസും റോഡില്‍ ജാഗ്രത പുലര്‍ത്തുമെങ്കിലും പിന്നീട് പഴയ പടിയാകും. കുട്ടികളെ കുത്തിനിറച്ചുള്ള വാഹനങ്ങളില്‍ രക്ഷിതാക്കള്‍ മക്കളെ അയക്കില്ലെന്ന ദൃഢനിശ്ചയമെടുക്കുകയും, നിയമം പാലിക്കാതെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട പരാതി നല്‍കാന്‍ തയ്യാറാവുകയും ചെയ്താല്‍ ഒരു പരിധിവരെ ഇത്തരം അപകടങ്ങള്‍ തടയാനാകും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait