തലശ്ശേരിയില്‍ മൊബൈല്‍ ഷോറൂമില്‍ മോഷണം: ഒരു ലക്ഷം രൂപ വിലവരുന്ന ഫോണുകള്‍ മോഷണം പോയി 

Published on 06 March 2020 8:57 pm IST
×

തലശ്ശേരി: നഗരത്തിലെ എം.എം റോഡിലുള്ള ഗാലക്‌സി മൊബൈല്‍സില്‍ മോഷണം. ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഏതാണ്ട് ഒരുലക്ഷം രൂപ വിലവരുന്ന ഫോണുകള്‍ കവര്‍ന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ചിറക്കര സ്വദേശി മുനവറാസില്‍ സിയാദിന്റെതാണ് സ്ഥാപനം. ഇവിടെ നിന്ന് 12 മൊബൈല്‍ ഫോണുകള്‍ മോഷണം പോയിട്ടുണ്ട്. തലശ്ശേരി പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുത്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ റോഡിലെ ലുലു കോംപ്ലക്‌സില്‍പ്പെട്ട ഹൂറി ബ്യൂട്ടി പാര്‍ലര്‍, ലുലു ബ്യൂട്ടി പാര്‍ലര്‍, എക്ലിപ്‌സ് ജന്‍സ് ബ്യൂട്ടി പാര്‍ലര്‍, അവലോണ്‍ കമ്പ്യൂട്ടര്‍ സെന്റര്‍, ഷീസ് ടെയ്‌ലറിംഗ് സെന്റര്‍, റെയിന്‍ബോ കോസ്റ്റ ടൂമ്‌സ് തുടങ്ങിയ എട്ടോളം കടകളില്‍ മോഷണം നടന്നിരുന്നു. ഇതില്‍ എക്ലിപ്‌സ് ജന്റ്‌സ് ബ്യൂട്ടി പാര്‍ലറില്‍ നിന്ന് 8000 രൂപയും അവലോണ്‍ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് 5000 രൂപയും മറ്റ് കടകളില്‍ നിന്ന് വസ്ത്രങ്ങളും സാധനങ്ങളും അടക്കം നഷ്ടപ്പെട്ടിരുന്നു. ഇവിടത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ കാണപ്പെട്ടിരുന്നു. 

പ്രസ്തുത പ്രതികളെ പിടികൂടും മുന്‍പാണ് വീണ്ടും പോലീസിനെ വെല്ലുവിളിച്ച് മറ്റൊരു കടയിലും കള്ളന്‍ കയറിയത്. നിരന്തരം നടക്കുന്ന മോഷണങ്ങള്‍ വ്യാപാരികളെ ഭീതിയിലാഴ്ത്തുകയാണെന്നും എത്രയും പെട്ടെന്ന് മോഷ്ടക്കളെ കണ്ടെത്തി വിലങ്ങു വയ്ക്കണമെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഇസ്മയില്‍, കിഴക്കയില്‍ പ്രകാശന്‍, നൗഫല്‍, മൊബൈല്‍ അസോ. പ്രസിഡന്റ് ഇല്യാസ്, രജനിഷ് എന്നിവര്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait