തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ സ്ഫോടനം: തൊഴിലാളിക്ക് പരിക്ക്

Published on 06 March 2020 8:15 pm IST
×

കാക്കയങ്ങാട്: മുഴക്കുന്ന് മാമ്പറത്ത് തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീ തൊഴിലാളിക്ക് പരിക്ക്. ഊര്‍പ്പാലിലെ കല്ലംമാട്ടോല്‍ ഓമന ദയാനന്ദന്‍ (52) ആണ് പരിക്കേറ്റത്. കൈകാലുകള്‍ക്ക് പരിക്കേറ്റ ഓമനയെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് രാവിലെ 11 മണിയോടെയായിരുന്ന ഉഗ്ര സ്‌ഫോടനം നടന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം മുഴക്കുന്ന്-മാമ്പറം റോഡരികില്‍ കാട് വെട്ടിത്തെളിച്ച് റോഡിന് ഓവുചാല്‍ കീറുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. ഓമന തൂമ്പ ഉപയോഗിച്ച് റോഡിന്റെ വശം കിളക്കുന്നതിനിടയിയിലാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. മണ്ണിനടിയില്‍ കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി മുറിവേറ്റ ഓമനയെ മറ്റ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സ്‌ഫോടനം നടക്കുമ്പോള്‍ സമീപത്തായി 19 ഓളം തൊഴിലാളികള്‍ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. 

മുഴക്കുന്ന് എസ്.ഐ എം.എന്‍ ബിജോയിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഐസ്‌ക്രീം ബോംബാണ് പൊട്ടിയതെന്ന് കണ്ടെത്തി. മേഖലയില്‍ വ്യാപകമായി പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. നേരത്തെ നിരവധി സഫോടനങ്ങള്‍ നടന്ന പ്രദേശമാണിത്. പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ മേഖലയില്‍ നിന്നും നേരത്തെ നിരവധി ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയിരുന്നു. ഇതിനു പിന്നാലെ മാസത്തില്‍ ഒരു തവണയെങ്കിലും മേഖലയില്‍ റെയ്ഡും നടത്താറുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait