മൊകേരി കവര്‍ച്ചാ കേസ്: പോലീസ് ഒത്തുകളിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് പാനൂര്‍ സി.ഐ 

Published on 06 March 2020 8:00 pm IST
×

പാനൂര്‍: മൊകേരി കവര്‍ച്ചാ കേസില്‍ പോലീസ് ഒത്തുകളിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്നും, ഒരു വീഴ്ചയും അന്വേഷണത്തില്‍ കാണിച്ചിട്ടില്ലെന്നും പാനൂര്‍ സി.ഐ ടി.പി ശ്രീജിത്ത്. പരാതി ലഭിച്ചയുടന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും, ജനപ്രതിനിധി അടക്കമുള്ളവരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. 

മൂന്നുപേരെ അറസ്റ്റ് ചെയ്ത് അവരില്‍ നിന്നും തൊണ്ടിമുതലും കോടതിയില്‍ നല്‍കി. മറ്റു പ്രതികളെ തേടി നിരവധി തവണ വീട്ടിലും, മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ സമീപിച്ചെങ്കിലും ശക്തമായ എതിര്‍പ്പു ഉയര്‍ത്തിയതോടെ ഹര്‍ജി തള്ളുകയായിരുന്നു. പിന്നീട് പരാതിക്കാരനും, പ്രതികളും ചേര്‍ന്ന് കേസ് റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയെ സമീപിച്ച ഘട്ടത്തിലും ശക്തമായ എതിര്‍പ്പ് അന്വേഷണ സംഘം ഉയര്‍ത്തിയെങ്കിലും അനുകൂല വിധി നേടുകയാണുണ്ടായത്. ഇതു സുപ്രീംകോടതിയുടെ മുന്‍പെയുള്ള വിധി ന്യായത്തിന്റെ ചുവടുപിടിച്ച് നിയമപരമായി നേടിയെടുത്ത വിധിയാണെന്നും, പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സി.ഐ പറഞ്ഞു. നിഷ്പക്ഷമായും, നീതിയുക്തമായുമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ ഇടപെടലും അന്വേഷണത്തില്‍ കാണിക്കാറില്ലെന്നും അതു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേസ് റദ്ദ് ചെയ്തതോടെ പാനൂര്‍ മേഖലയില്‍ സംഘപരിവാര്‍ സംഘടനകള്‍ പോലീസിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. പാനൂര്‍ ടൗണില്‍ പോസ്റ്ററും പതിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait