കൊറോണ വൈറസ്: കണ്ണൂരില്‍ ഉംറ കഴിഞ്ഞെത്തിയ ആള്‍ നിരീക്ഷണത്തില്‍ 

Published on 05 March 2020 5:01 pm IST
×

കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകുന്നേരം പനിയും വൈറസ് രോഗ ബാധ ലക്ഷണങ്ങളുമായി എത്തിയ രോഗിയെ ജില്ലാ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കുകയായിരുന്നു. 

തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രത്യേക പരിചരണ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ വീടുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി പരിശോധന നടത്തി. വേണ്ട നിര്‍ദേശങ്ങളും നല്‍കി. ഉംറക്ക് പോയതിന് ശേഷം തിങ്കളാഴ്ച തിരികെ എത്തിയപ്പോള്‍ തുടങ്ങിയ കഠിനമായ പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയവ മൂലം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആലപ്പുഴയിലേക്ക് രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൊറോണ, എച്ച് 1 എന്‍ 1 ആണോ സാധാ വൈറല്‍ പനിയാണോ എന്ന കാര്യമെന്നും കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. അഭിലാഷ് പറഞ്ഞു. കൊറോണ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയതിനുശേഷം പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ജില്ലാ ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണെന്ന്  കൊറോണ നോഡല്‍ ഓഫീസര്‍ ഡോ. അഭിലാഷ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്നും എത്തിയവരില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പോലും 28 ദിവസത്തേക്ക് സ്വന്തം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ വീടുകളിലുള്ള കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക, കുട്ടികളുമായി ഇടപഴകുകയാണെങ്കില്‍ ഈ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാതിരിക്കാന്‍ ശ്രമിക്കുക, സ്‌കൂളില്‍ അയക്കുന്നതെങ്കില്‍ മറ്റു ബന്ധു വീടുകളിലേക്ക് കുട്ടികളെ മാറ്റണം, വ്യക്തി ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, ഇതും കൊറോണ വൈറസിന്റെ വ്യാപനം തടയും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം, കൊറോണ സ്ഥിതീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകള്‍ വീട്ടിലെ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. 

കണ്ണൂരില്‍ കൊറോണ വൈറസ് ബാധ സംശയം പ്രകടിപ്പിച്ച ആളുടെ വീട്ടുകാരില്‍ ആര്‍ക്കെങ്കിലും ചെറിയ പനി പോലുള്ള അസുഖങ്ങള്‍ വരികയാണെങ്കില്‍ ഐസലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളെയോ ആരോഗ്യ വകുപ്പ് അധികൃതരെയോ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കണ്ണൂരില്‍ പ്രത്യേകം തയ്യാറാക്കിയ കൊറോണ സെല്‍ 04972700194 നമ്പറില്‍ വിളിക്കുകയെങ്കിലും ചെയ്യണമെന്നും ഡോ. അഭിലാഷ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait