കലശ മറവില്‍ അഴിഞ്ഞാടുന്ന സാമൂഹ്യ വിരുദ്ധര്‍ 

Published on 05 March 2020 1:15 pm IST
×

എടക്കാട്: മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് അരങ്ങുണരുകയാണ്. രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം 7-ന് തുടങ്ങി 10 ന് രാവിലെ ഉത്സവം സമാപിക്കും. മുന്‍ വര്‍ഷങ്ങളില്‍ കലശം രാഷ്ട്രീയവല്‍ക്കരിച്ച് സംഘര്‍ഷ കലുഷിതമാക്കിയപ്പോള്‍ പോലീസ് പോലും നിഷ്‌ക്രിയമായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. 

ആചാരാനുഷ്ടനങ്ങള്‍ പാലിച്ചുള്ള അംഗീകൃത കലശങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന് പലവട്ടം ക്ഷേത്ര കമ്മിറ്റിയുടെ അറിയിപ്പുണ്ടെങ്കിലും രാഷ്ട്രീയക്കാരിലെ ചിലരുടെ പിടിവാശി കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ കലശത്തില്‍ മദ്യപിച്ച് കൂത്താടുമ്പോള്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്. കാലം ഏറെ പുരോഗമിച്ചിട്ടും നിയന്ത്രണ വിധേയമാകാതതില്‍ നാട്ടുകാരിലും അമര്‍ഷവും ആശങ്കയും ഇല്ലാതില്ല. പതിവ് തെറ്റിക്കാതെ ഉത്സവത്തിന് വിലങ്ങ് തടിയായ രാഷ്ട്രീയ പാര്‍ട്ടിക്കാരെ അത്ര വെറുത്ത് തുടങ്ങുന്നത് സ്വാഭാവികം. പകയും വിദ്വേഷവും മാറ്റിനിര്‍ത്തി സമാധാന പരമായി ഉത്സവം വിജയിപ്പിക്കേണ്ടവര്‍ വീട്ടിലും നാട്ടിലും വെറുക്കപ്പെടുകയാണെന്ന് മറന്നുപോകരുത്. ധര്‍മ്മരക്ഷകരായ ദൈവങ്ങളുടെ മഹിത മണ്ണില്‍ മാനവരെല്ലാം തുല്ല്യരാണ്. ആര്‍ക്കും ഒന്നും നേടാനാവില്ലെന്ന ബാലപാഠം മറക്കരുത്. 

പ്രാദേശിക  നേതൃത്വം പോര ജില്ലാ നേതൃത്വം ഇടപ്പെട്ട് ഈ പേക്കൂത്തിന് കടിഞ്ഞാണിട്ടേ തീരൂ. നാടിന്റെ നാനാഭാഗത്ത് നിന്നും ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശാന്തമായി വന്നു പോവാനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കി കൊടുക്കണം. ക്ഷേത്ര കമ്മിറ്റിയുടെ അറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണം. ഇല്ലെങ്കില്‍ സമാധാനയോഗം ഓരോ വര്‍ഷവും നടക്കുന്നതു പോലെ പ്രഹസനമാവും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait