മട്ടന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഫയലില്‍ മാത്രം

കെ.പി അനില്‍കുമാര്‍
Published on 03 March 2020 9:30 am IST
×

മട്ടന്നൂര്‍: സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ബസ് സ്റ്റാന്‍ഡിന് പകരം പുതിയൊരു ബസ് സ്റ്റാന്‍ഡിനായുള്ള മട്ടന്നൂരിന്റെ കാത്തിരിപ്പ് നീളുന്നു. ബസ് സ്റ്റാന്‍ഡിനായി സ്ഥലം കണ്ടെത്താന്‍ ഏറെക്കാലമായി ശ്രമം തുടരുന്ന നഗരസഭ തലശ്ശേരി റോഡിലെ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള നീക്കത്തിലാണ്. ഇതിനുവേണ്ടി കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കിയിരുന്നു. മന്ത്രി ഇ.പി ജയരാജന്‍ ഉള്‍പ്പടെയുള്ളവരെ ഇടപെടുത്തി പുതിയ ബസ് സ്റ്റാന്‍ഡിന് സ്ഥലം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.

ഏതാണ്ട് പത്ത് ബസ്സുകള്‍ക്ക് മാത്രം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബസ് സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ഗതാഗത ക്രമീകരണങ്ങള്‍ ഒട്ടേറെ നടപ്പാക്കിയിട്ടും വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സ്റ്റാന്‍ഡിന്റെ വശങ്ങളില്‍ തന്നെയാണ് ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത്. ബൈക്കുകളുടെ അനധികൃത പാര്‍ക്കിങ്ങും വെല്ലുവിളി ഉയര്‍ത്തുന്നു. ഇതോടൊപ്പം കടകളിലേക്ക് ചരക്കിറക്കാന്‍ വരുന്ന വലിയ വാഹനങ്ങള്‍ കൂടിയാകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റാന്‍ഡിലെ പഴയ വ്യാപാര സമുച്ചയം പൊളിച്ചു നീക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അടിഭാഗം നിരപ്പാക്കാത്തതിനാല്‍ ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതു പരിപാടികള്‍ നടത്താനാണ് ഈ സ്ഥലം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. ഇവിടെ ഉടന്‍ ടാര്‍ ചെയ്ത് ബസ് സ്റ്റാന്റിന്റെ ഭാഗമാക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. 

കൊക്കയിലില്‍ ബസ് സ്റ്റാന്‍ഡിനായി സ്ഥലമേറ്റെടുക്കാന്‍ നഗരസഭ നടപടി തുടങ്ങിയെങ്കിലും നടപ്പായില്ല. വിമാനത്താവളത്തിലേക്ക് ഉള്‍പ്പടെയുള്ള വാഹനപ്പെരുപ്പം കണക്കിലെടുത്താണ് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. നിലവിലെ ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മന്ത്രി ഇ.പി ജയരാജന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം അടുത്ത് തന്നെ തുറന്നുകൊടുക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait