കണ്ണീരില്‍ കുതിര്‍ന്ന ദുരന്തം

Published on 21 February 2020 6:01 pm IST
×

കേരളത്തില്‍ സര്‍ക്കാര്‍നിയന്ത്രണത്തില്‍ പൊതുഗതാഗതസംവിധാനത്തിന് തുടക്കംകുറിച്ചതിന്റെ 82-ാം പിറന്നാള്‍ദിനം തന്നെ കണ്ണീരില്‍കുതിര്‍ന്നിരിക്കുന്നു. തമിഴ്‌നാട്ടിലെ അവിനാശിക്കുസമീപം നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസ്സിലിടിച്ച് 19 മലയാളികളാണ് മരിച്ചത്. ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ബസാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍-ചെന്നൈ ദേശീയപാത 544 ആറുവരി ബൈപ്പാസില്‍ എ.കെ.വി.എന്‍. ആശുപത്രിക്ക് സമീപത്താണ് ദുരന്തം. സേലം ഭാഗത്തേക്ക് ടൈല്‍സുമായി പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. വലിയവളവുള്ള ഇവിടെ ലോറി മൂന്നുമീറ്ററോളം വീതിയുള്ള ഡിവൈഡറില്‍ കയറി 100 മീറ്ററോളം ഓടി മറുഭാഗത്തെത്തി ബസില്‍ ഇടിക്കുകയായിരുന്നു. 48 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിനകത്തേക്ക് ഇടിച്ച് കയറിനിന്ന നിലയിലായിരുന്നു കണ്ടെയ്‌നര്‍. ഡ്രൈവറുടെ ഇരിപ്പിടംമുതല്‍ പിന്‍ചക്രംവരെ ബസിന്റെ വലതുഭാഗം കണ്ടെയ്‌നറിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പടെ മുന്‍ഭാഗത്തുണ്ടായിരുന്ന നാലുപേര്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇവരും മറ്റ് 12 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നരയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഏഴുമണിയോടെ അവസാന മൃതദേഹവും പുറത്തെടുത്തു. പന്ത്രണ്ടുപേര്‍ ബസില്‍നിന്ന് പരിക്കേല്‍ക്കാതെ ഇറങ്ങിവന്നു. മറ്റുള്ളവരെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരുമാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ തിരുപ്പൂരിലെ രേവതി, സുഗം സുധം, ദീപ, എ.കെ. വി.എന്‍, കോയമ്പത്തൂരിലെ റോയല്‍ കെയര്‍, മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടംനടന്നയുടന്‍ രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി കൊല്ലത്തുംകുണ്ടില്‍ ഹേമരാജനെ (38) ഈറോഡിനടുത്തുവെച്ച് പോലീസ് പിടികൂടി. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഇയാള്‍ പറഞ്ഞതായാണ് സൂചന. മന്ത്രിമാരായ ഗതാഗതമന്ത്രി എന്‍.കെ. ശശീന്ദ്രന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി. എന്നിവരും പാലക്കാട് എസ്.പി.ജി. ശിവവിക്രത്തിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. പരിേക്കറ്റവരുെട ചികിത്സാച്ചെലവുകള്‍ കേരളസര്‍ക്കാര്‍ വഹിക്കുമെന്ന് പാലക്കാട് കളക്ടര്‍ ഡി. ബാലമുരളി പറഞ്ഞിട്ടുണ്ട്.  ദുരന്തത്തില്‍ ഞങ്ങളും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait