ചക്രച്ചിറകില്‍ ഐശ്വര്യയ്ക്ക് സ്വപ്‌ന വിജയം

Published on 21 February 2020 5:56 pm IST
×

ഇരിക്കൂര്‍: ചാരത്തില്‍ നിന്നും ചിറകടിച്ചുയര്‍ന്ന ഫീനിക്‌സ് പക്ഷിയെ പോലെ അതിജീവനത്തിന്റെ പുതിയ പ്രതീകമായി മാറിയിരിക്കുകയാണ് നായാട്ടുപാറയിലെ 19കാരി കെ.സി ഐശ്വര്യ. രോഗം ശരീരത്തെ തളര്‍ത്തിയെങ്കിലും തളരാത്ത ഇച്ഛാശക്തിയോടെ പൊരുതിനേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ഈ മിടുക്കി. ഇത്തവണത്തെ പത്താംക്ലാസ് തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെയാണ് ഐശ്വര്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ഇരിക്കൂര്‍ നായാട്ടുപാറയിലെ രജിതാലയത്തിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നതും ആ ആത്മവിശ്വാസമാണ്. 

ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയും തിളക്കമുള്ള കണ്ണുകളും ചുറുചുറുക്കുമുള്ള പെണ്‍കുട്ടി. ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരുന്ന പ്രകൃതം. സംസാരത്തിനിടയില്‍ ഇടയ്ക്കിടെ കയറി വരുന്ന നിഷ്‌കളങ്കമായ പൊട്ടിച്ചിരി. അല്പനേരം ആ വാക്കുകള്‍ കേട്ടിരുന്നാല്‍  പോസിറ്റീവ് ചിന്തകള്‍ കൊണ്ട് കേള്‍വിക്കാരുടെ മനസ്സ് നിറയും. നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുന്ന പ്രായത്തില്‍ തന്നെ രോഗം വില്ലനായെത്തിതിന്റെ കഥകള്‍ പറയുമ്പോഴും ആ കണ്ണുകളിലെ തിളക്കം കുറയുന്നില്ല. ഏഴുവയസ്സുള്ളപ്പോഴായിരുന്നു ഐശ്വര്യയെ തേടി അപൂര്‍വ രോഗമെത്തിയത്. ശരീരം ഒരു വശത്തേക്കു വളഞ്ഞ രീതിയില്‍ നടക്കുന്നതിനെ പറ്റി പലരും പറഞ്ഞപ്പോഴും നട്ടെല്ല് വളയുന്ന സ്‌കോളിയോസിസ് രോഗമാണതെന്ന് അറിയുമായിരുന്നില്ല. തിരിച്ചറിഞ്ഞപ്പോഴേക്കും രോഗത്തിന്റെ സ്വഭാവവും മാറിയിരുന്നു. സുഷുമ്‌ന നാഡിയെ വരെ രോഗം ബാധിച്ചപ്പോള്‍ ചികിത്സയും മരുന്നുകളും മാത്രമായി ജീവിതത്തിന് കൂട്ട്. തളരാതെ പിടിച്ചു നില്‍ക്കാന്‍ അച്ഛനും അമ്മയും സഹോദരനും അമ്മമ്മയും ധൈര്യം നല്‍കി. നട്ടെല്ലിന്റെ വളവുകള്‍ മാറ്റാനുള്ള ശസ്ത്രക്രിയ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നതിനാല്‍ ആ ചിന്തയും പാതിവഴിയില്‍ ഉപേക്ഷിച്ചു. 

ഏഴാം തരത്തിലെ പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്ന സമയത്ത് വീണ്ടും രോഗത്തിന്റെ പരീക്ഷണം. കാലിന്റെ സ്പര്‍ശനശേഷി നഷ്ടപ്പെട്ടു. കാലില്‍ നിന്ന് ചെരുപ്പ് ഊരിപ്പോയതോ മുറിഞ്ഞ് ചോരയൊലിക്കുന്നതോ ഐശ്യര്യ അറയാതെയായി. പിന്നീട് പൂര്‍ണ്ണമായും വീല്‍ചെയറിനെ ആശ്രയിക്കേണ്ട സ്ഥിതി വന്നു. സ്‌കൂളില്‍ പോവാതെ തന്നെ എട്ടാംതരം പൂര്‍ത്തീകരിച്ചു. പിന്നീട് പഠനത്തെക്കുറിച്ച് താന്‍ കാര്യമായി ചിന്തിച്ചിട്ടില്ലെന്ന് ചെറു പുഞ്ചിരിയോടെ ഐശ്വര്യ പറയുന്നു. പാതിവഴിയിലായ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വീണ്ടും നിറം പകര്‍ന്നത് തന്നെപ്പോലെ ചക്രക്കസേരയില്‍ ജീവിതം തളളി നീക്കുന്നവരുടെ കൂട്ടായ്മയായിരുന്നെന്ന് അവള്‍ പറയുന്നു. ജീവിതത്തില്‍ തന്നെക്കാള്‍ ദുരിതങ്ങള്‍ പേറുന്നവര്‍ ഉയരങ്ങള്‍ കീഴടക്കി മുന്നിലെത്തിയപ്പോള്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാന്‍ ഐശ്വര്യയും തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പത്താംതരം തുല്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. സാക്ഷരത മിഷന്റെ ക്ലാസ്സുകള്‍ ഏറെ ഗുണം ചെയ്തു. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഞാറാഴ്ച ക്ലാസ്സുകളും തുണയായി. 

ഒട്ടേറെ കൂട്ടുകാര്‍ തനിക്ക് സഹായവും പിന്തുണയുമായി ചുറ്റുമുണ്ടായിരുന്നതും ഇത്ര വലിയ നേട്ടം കൈവരിക്കാന്‍ തനിക്ക് കരുത്തായതായി ഐശ്വര്യ പറയുന്നു. സ്വന്തമായി നിയന്ത്രിക്കാന്‍ പറ്റുന്ന വീല്‍ചെയര്‍ ഉപയോഗിക്കുന്നത് കൊണ്ട് വീടിനകത്ത് സഞ്ചരിക്കാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും എളുപ്പമാണ്. പുതുതായി താമസം തുടങ്ങിയ വീട് നിര്‍മ്മിച്ചിരിക്കുന്നതും വീല്‍ചെയറിന് യഥേഷ്ടം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തോടെ. ടീച്ചറാകാനാണ് ഐശ്വര്യയുടെ മോഹം. ഇഷ്ട വിഷയം കണക്കും. പഠനത്തില്‍ മാത്രമല്ല ഐശ്വര്യയുടെ മിടുക്ക്. കരകൗശല വസ്തുക്കളുടെയും പേപ്പര്‍ പേനകളുടെയും നിര്‍മ്മാണത്തിലും ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ വിശാലമായ ലോകമാണ് അവള്‍ക്ക് ഏറെയിഷ്ടം. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ബഷീര്‍. ബഷീറിന്റെ എല്ലാ കൃതികളും വായിച്ചിട്ടുണ്ടെന്ന് അവള്‍ അഭിമാനത്തോടെ പറഞ്ഞു. എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും പ്രിയപ്പെട്ടതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമല്ലെങ്കിലും യൂട്യൂബില്‍ മോട്ടിവേഷന്‍ സ്പീച്ചുകള്‍ കേള്‍ക്കുന്നത് ശീലമാണ്. പാകിസ്താനി ആക്ടിവിസ്റ്റും കലാകാരിയുമായ മുനീബ മസാരി റോള്‍ മോഡല്‍ ആവുന്നതും അങ്ങനെയാണ്. 

കുഞ്ഞുപ്രായം മുതല്‍ നേരിടേണ്ടിവന്ന വെല്ലുവിളികളെ നട്ടെല്ലുവളയ്ക്കാതെ നേരിട്ട ഐശ്വര്യയ്ക്ക് ഇനിയും  പോരാടി ജയിക്കാന്‍ തന്നെയാണിഷ്ടം. തന്നെ പോലുള്ളവരോട് ഐശ്വര്യയ്ക്ക് പറയാനുള്ളത് ഇത്രമാത്രം. ജീവിതം ചെറുതാണ്. നാളെ എന്താകുമെന്ന് പ്രവചിക്കാന്‍ നമുക്ക് കഴിയില്ല. അതിനാല്‍ അതേക്കുറിച്ച് ആലോചിച്ച് സമയം കളയുന്നതില്‍ അര്‍ഥമില്ല. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകുക. പ്രതിസന്ധികളെ സധൈര്യം നേരിടുക. വഴികളെല്ലാം ഒന്നൊന്നായി നമുക്കു മുമ്പില്‍ തുറന്നുവരും... ഇനി ഐശ്വര്യയ്ക്ക് തിരക്കുള്ള ദിനങ്ങളാണ്. പന്ത്രണ്ടാംതരം പരീക്ഷയില്‍ കൂടുതല്‍ മികച്ച വിജയം നേടണം. ഒപ്പം ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കണം. അവശതകളെ പിന്നിലാക്കി പ്രതീക്ഷയുടെ ചിറകിലേറി ഐശ്വര്യ മുന്നോട്ടു തന്നെയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait