അശ്വിനി കുമാര്‍ വധക്കേസ്: സാക്ഷി വിസ്താരം 24 ലേക്ക് മാറ്റി

Published on 21 February 2020 5:34 pm IST
×

തലശ്ശേരി: ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറും ആര്‍.എസ്.എസ് ബൗധിക് പ്രമുഖും അധ്യാത്മിക പ്രഭാഷകനുമായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാറിനെ (27) ബസ്സിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം വിചാരണ കോടതി ഈ മാസം 24 ലേക്ക് മാറ്റി. 

ഇന്നലെ ഒരു സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയും ചെയ്തു. കേസിലെ 31-ാം സാക്ഷി പവിത്രനെയാണ് വിസ്തരിക്കേണ്ടതില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു മുമ്പാകെയാണ് കേസിന്റെ വിചാരണ നടപടി പുരോഗമിച്ചു വരുന്നത്. വിചാരണ കോടതി മുമ്പാകെ ഹാജരാകാത രണ്ട് സാക്ഷികളെ 24-ന് വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു. നാലാം സാക്ഷി മാവില പ്രദീപന്‍, നാരായണന്‍ എന്നീ പ്രൊസിക്യൂഷന്‍ സാക്ഷികളെയാണ്  തിങ്കളാഴ്ച വിസ്തരിക്കുക.

എന്‍.ഡി.എഫ് പ്രവര്‍ത്തകരായ മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പി.കെ അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മന്‍സിലില്‍ എം.വി മര്‍ഷൂദ് (38), ശിവപുരത്തെ പുതിയവീട്ടില്‍ പി.എം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലക്കണ്ടി എം.കെ യൂനുസ് (43), ശിവപുരം എ.പി ഹൗസില്‍ സി.പി ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍കണ്ടി വളപ്പില്‍ ആര്‍.കെ അലി (45), കൊവ്വമല്‍ നൗഫല്‍ (39), ഇരിട്ടി പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം ഹൗസില്‍ മുസ്തഫ (47), ഇരിട്ടി കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ. ഷമ്മാസ് (35), കെ. ഷാനവസ് (44), ബഷീര്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍. 

2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്ന് പേരവാവൂരിലേക്ക് പോകുകയായിരുന്ന പ്രേമയെന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ വെച്ച് ബസ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. 2009 ജൂലായ് 31-നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. വിളക്കോട്ടെ മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍, അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ.പി ബിനീഷ, അഡ്വ. പി. പ്രേമരാജനും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.സി നൗഷാദുമാണ്  എന്നിവരാണ് ഹാജരാവുന്നത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait