മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

Published on 21 February 2020 5:07 pm IST
×

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി ഇ.പി ജയരാജന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് പറഞ്ഞ് വീണ്ടും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ് നടത്തിയ മൂന്നുപേരെ പയ്യന്നൂരില്‍ പിടികൂടി. പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങിയെന്ന് കണ്ടെത്തി. 

ഈ സംഘം കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്. മന്ത്രിയുടെ പേരുപയോഗിച്ച് നടത്തിയ സമാന തട്ടിപ്പ് കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിയുടേയും സി.പി.എം നേതാക്കളുടെയും പേരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അന്‍പതിലധികം പേരില്‍ നിന്നാണ് പണം തട്ടിയ കേസില്‍ സി.പി.എം മുന്‍ പ്രാദേശിക നേതാവിനെതിരെ അടക്കം കേസെടുത്തിരുന്നു. 

കാടാച്ചിറ മാളികപ്പറമ്പ് സ്വദേശി രാജേഷും തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസുമാണ് വന്‍ തട്ടിപ്പിന് പ്രതിസ്ഥാനത്തായിരുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേഷിനെ പരാതികളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മകള്‍ക്ക് എഞ്ചിനീയറുടെ ജോലി വാഗ്ദാനം ചെയ്താണ് അയല്‍വാസി കൂടിയായ രാജനെ രാജേഷ് സമീപിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തതായി കണ്ടെത്തിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait