ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍

യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ജില്ലാതല, പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും
Published on 21 February 2020 4:50 pm IST
×

കണ്ണൂര്‍: ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്. കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവലിങ്ങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ -പ്രാദേശികതല കമ്മിറ്റികള്‍ രൂപീകരിക്കും. മറ്റുള്ളവര്‍ ബസ്സില്‍ കയറുന്നതു വരെ വിദ്യാര്‍ഥികളെ പുറത്ത് നിര്‍ത്തുന്ന രീതി അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന യാത്രാ ആനൂകൂല്യവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കും. സ്‌കൂളിനും കോളേജുകള്‍ക്കും മുന്നിലായി ബസ് ബേകള്‍ നിര്‍മിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന് മുന്നില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് കൊണ്ട് ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസ് കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. കൂടാളിയില്‍ ബസില്‍ നിന്നും വിദ്യാര്‍ത്ഥിയെ തള്ളിയിട്ട സംഭവം ഒറ്റപ്പെട്ടതാണെന്നും അതിന്റെ പേരില്‍ ബസ് തൊഴിലാളികളെ ക്രൂശിക്കരുതെന്നും ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞു. ബസ് തൊഴിലാളികളെ ആക്രമിച്ചാല്‍ ശക്തമായ നടപടി പോലീസ് സ്വീകരിക്കണം. ചികിത്സാ സഹായത്തിനായി ബസ്സുകള്‍ നടത്തുന്ന കാരുണ്യയാത്ര ചിലര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും അവര്‍ പറഞ്ഞു. സ്‌കൂളുകള്‍ വിടുന്ന സമയത്ത് അധ്യാപകരുടേയോ പോലീസിന്റെയോ സേവനം ബസ് സ്റ്റോപ്പുകളില്‍ ഉറപ്പു വരുത്തണമെന്ന് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 

യോഗത്തില്‍ ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍, ബസ് ഉടമ പ്രതിനിധികളായ വിനോദ് കുമാര്‍, എം.വി വത്സലന്‍, പി.കെ പവിത്രന്‍, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ എ.പി അന്‍വീര്‍ (എസ്.എഫ്.ഐ), അസ്‌ലം പാറേത്ത് (എം.എസ്.എഫ്), എം. ഹേമന്ദ് (എ.ബി.വി.പി) തുടങ്ങിയവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait