'ഞങ്ങള്‍ അമ്മമാരുടെ നെഞ്ചത്തടിച്ചിട്ടാണ് അവള്‍ പോയത്, അവളെ വെറുതെ വിടില്ല'

Published on 19 February 2020 3:17 pm IST
×

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യയെ വീട്ടിലും കടപ്പുറത്തും എത്തിച്ച് തെളിവെടുത്തു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊന്ന സ്ത്രീയോട് നാട്ടുകാരും വീട്ടുകാരും വളരെ രോഷാകുലരായിട്ടാണ് പ്രതികരിച്ചത്. വീട്ടിലെത്തിച്ച ശരണ്യയ്ക്ക് നേരെ പാഞ്ഞടുത്ത പിതാവ് പിന്നീട് വീടിനകത്ത് കുഴഞ്ഞു വീഴുകയും ചെയ്തു. വീടിനകത്തും പിന്നെ കടപ്പുറത്തും തെളിവെടുപ്പിന് എത്തിച്ച ശരണ്യയ്ക്ക് നേരെ അസഭ്യവര്‍ഷവുമായി നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു. 

തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ശരണ്യക്ക് നേരെ നാട്ടുകാരുടെ ആക്രോശമാണുണ്ടായത്. 'ഞങ്ങളുടെ നാടിനെ അവള്‍ നാണം കെടുത്തി. ഞങ്ങള്‍ അമ്മമാരുടെ നെഞ്ചത്തടിച്ചിട്ടാണ് അവള്‍ പോയത്. ഞങ്ങള്‍ അവളെ വെറുതെ വിടില്ല. ഈ കല്ലിന്റെ മുകളിലാണ് അവളുടെ അവസാനം. കുഞ്ഞിനെ അവള്‍ എവിടെ എറിഞ്ഞുവോ അവിടെ എറിഞ്ഞ് ഞങ്ങള്‍ അവളെ കൊല്ലും. ഇത് ഞങ്ങളുടെ പ്രതിജ്ഞയാണ്'- ശരണ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞതാണിങ്ങനെ. ഇതിനെ പോലുള്ളവരെ പെണ്ണുങ്ങള്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയാണ് വേണ്ടത്. എന്തൊരു പെണ്ണാണത് എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ പ്രതികരണം. പിഞ്ചുകുഞ്ഞല്ലേ.. ഞങ്ങള്‍ക്കു തരാമായിരുന്നില്ലേ. ഞങ്ങള്‍ പൊന്നു പോലെ നോക്കുമായിരുന്നല്ലോ എന്നിങ്ങനെയെല്ലാം പ്രദേശവാസികളായ സ്ത്രീകള്‍ പറയുന്നുണ്ടായിരുന്നു.

തെളിവെടുപ്പിനു ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ വളരെ വൈകാരികമായാണ് ബന്ധുക്കളടക്കം പ്രതികരിച്ചത്. ശരണ്യയ്‌ക്കെതിരെ ആക്രോശവുമായി അമ്മ തന്നെ രംഗത്തെത്തി. ശരണ്യയുടെ അച്ഛന്‍ വത്സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിയാന്‍. ബന്ധുക്കള്‍ അടക്കം ആക്രോശവുമായി രംഗത്തെത്തിയിട്ടും പതര്‍ച്ചയോ ഭാവ വ്യത്യാസമോ ഉണ്ടായിരുന്നില്ല. എന്നാല്‍ മാതാപിതാക്കളുടെ പ്രതികരണം ഏറെ വൈകാരികമായപ്പോള്‍ ശരണ്യ ചെറുതായി വിതുമ്പി. പ്രദേശവാസികളായ സ്ത്രീകളും അതിവൈകാരികമായിട്ടാണ് പ്രതികരിച്ചത്. 

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ തന്നെ, ആ ഭാഗത്തുണ്ടായിരുന്ന ആളുകള്‍ ശരണ്യക്കെതിരെ ശാപവാക്കുകളും പ്രതിഷേധവുമായി എത്തിച്ചേര്‍ന്നിരുന്നു. കൈക്കുഞ്ഞുങ്ങളുമായാണ് പലരും എത്തിയത്. ഏറെ പണിപ്പെട്ടാണ് പോലീസ് ശരണ്യയെ സ്റ്റേഷനില്‍ നിന്ന് ഇറക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരന്‍ വിവാനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേദിവസം അമ്മയുടെ വീട്ടില്‍ അച്ഛന്‍ പ്രണവിനൊപ്പം കിടന്നുറങ്ങിയതായിരുന്നു കുട്ടി. രാവിലെ കുഞ്ഞിനെ കാണാതായതോടെ പ്രണവ് പോലീസില്‍ പരാതി നല്‍കുകയും പിന്നീട് നാട്ടുകാരും പോലീസും കൂടി നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും അന്‍പത് മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait