അനാഥയായ ഇരുപത്തിരണ്ടുകാരിയെ പേരൂലിലെ യുവ കര്‍ഷകന്‍ മിന്നുകെട്ടി 

Published on 18 February 2020 12:44 pm IST
×

പഴയങ്ങാടി: മാടായി അഭയ കേന്ദ്രത്തിലെ അനാഥയായ ഇരുപത്തിരണ്ടുകാരിയെ പേരൂലിലെ യുവ കര്‍ഷകന്‍  മിന്നുകെട്ടി സനാഥയാക്കി ജീവിതത്തിലേക്ക് കൊണ്ടുവന്നു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ശാസ്ത്ര കൗണ്‍സിലിംഗ് ഷെല്‍റ്റര്‍ ഹോമിലെ രജിതയെ ആണ് മാതമംഗലത്തിനടുത്ത് പേരൂലിലെ യുവ കര്‍ഷകനായ കീപ്പിലാട്ട് കൃഷ്ണദാസ് (29) കൈപിടിച്ച് ജീവിത സഖിയാക്കിയത്. 

അമ്മയുടെ മരണശേഷം രണ്ടു വര്‍ഷത്തോളമായി ഷെല്‍ട്ടര്‍ ഹോമിലുള്ള രജിതയെ കണ്ട് ഇഷ്ടപെട്ടാണ് കൃഷ്ണദാസ് വിവാഹം കഴിച്ചത്. അമ്മയുടെ മരണശേഷമായിരുന്നു രജിത ഷെല്‍ട്ടര്‍ ഹോമില്‍ എത്തിയത്. അന്തേവാസികളെ പരിചരിച്ചും, സഹായം നല്‍കിയും കഴിയുകയായിരുന്നു ഇവിടെ പെണ്ണന്വേഷണത്തിന് ഒടുവിലാണ് മാതമംഗലം കിഴക്കേക്കരയിലെ പരേതനായ കോക്കോട്ട് നാരായണന്‍ നമ്പ്യാരുടെയും, കീപ്പിലാട്ട്  തമ്പായി അമ്മയുടെയും മകനായ കൃഷ്ണദാസ് രജിതയെ കണ്ടുമുട്ടിയത്. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ശാസ്ത്രയുടെ പ്രവര്‍ത്തകരെ ബന്ധപ്പെടുകയും വിവാഹംാലോചന നടത്തുകയുമായിരുന്നു. ആണ്‍വീട് കണ്ട് പെണ്‍കുട്ടിക്കും, ആണ്‍ വീട്ടുകാര്‍ക്കും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശാസ്ത്ര കല്യാണത്തിന് നേതൃത്വം നല്‍കിയത്. മതം മനുഷ്യനെ വേര്‍തിരിക്കുന്ന വര്‍ത്തമാനകാലത്ത് തികച്ചും മതേതര സംഗമമായി തന്നെയായിരുന്നു കല്ല്യാണം. 

മാതമംഗലം ചേപ്പായി കോട്ടം ഓഡിറ്റോറിയത്തില്‍ ശാസ്ത്രയുടെ ചെയര്‍മാന്‍ പി.വി അബ്ദുല്‍ റഹ്മാന്‍ വധൂവരന്‍മാര്‍ക്ക് വരണമാല്യം എടുത്തുകൊടുത്തു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാന്‍ സി. സുരേഷ്‌കുമാര്‍ സര്‍ക്കാരിനു വേണ്ടി കന്യാദാന ചടങ്ങ് നടത്തി. ശാസ്ത്ര ജനറല്‍ സെക്രട്ടറി വി.ആര്‍.വി ഏഴോം, സുജ എന്‍. റഹ്‌നാസ്, ഷിജില ബര്‍ണാഡ്, എസ്. ഗിരിജാ ദേവി, യു. ആയിഷ എന്നിവരായിരുന്നു വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചത്. പര്‍ദ്ദയും മറ്റുമണിഞ്ഞ് സഹോദരിമാര്‍ കതിര്‍ മണ്ഡപത്തില്‍ എത്തിയതും  വധൂവരന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കുന്നതും കൗതുകകരമായി. 

കര്‍ഷകനായ കൃഷ്ണദാസിന് അമ്മയും മൂന്ന് സഹോദരന്മാരും സഹോദരിയുമുണ്ട്. കൃഷിയും റബ്ബര്‍ ടാപ്പിംഗുമായി ഉപജീവനവുമായി കഴിയുന്ന കൃഷ്ണദാസിന്റെ കാര്‍ഷികവൃത്തിയില്‍ സഹായിക്കാനാണ് രജിതക്കും  ഇനി താല്പര്യം. ശാസ്ത്രയുടെ സഹായത്തോടെ നേരത്തെ വിവാഹിതരായ വിപിന്‍-ഗ്രീഷ്മ ദമ്പതിമാരും കുട്ടിയോടൊപ്പം കല്ല്യാണത്തില്‍ പങ്കെടുത്തു. കല്ല്യശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത, ഡോ.  വി.എന്‍ രമണി, യു. ആയിഷ, കെ. ചന്ദ്രിക, പ്രൊഫ. എ. ജമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ആയിരത്തോളം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait