പാനൂര്‍ നഗരസഭയില്‍ മുസ്ലീംലീഗ് വനിതാ കൗണ്‍സിലര്‍ അയോഗ്യയായി; പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയെന്ന് ആക്ഷേപം

Published on 14 February 2020 5:10 pm IST
×

പാനൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലീംലീഗില്‍ വിഭാഗീയതയുടെ ഇരയായി വനിതാ കൗണ്‍സിലര്‍. പെരിങ്ങത്തൂര്‍ 19-ാം വാര്‍ഡംഗം ജസ്‌നാസ് ദാവൂദാണ് പാര്‍ട്ടിക്കുള്ളിലെ പിണക്കത്തില്‍ ബലിയാടായത്. പ്രസവ അവധിക്ക് ലീവ് അനുവദിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും, അപേക്ഷ നല്‍കാതെ പൂഴ്ത്തി വെച്ചതോടെയാണ് ജഫ്‌നാസ് അയോഗ്യയായത്. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംലയുടെ കൈവശം അപേക്ഷ രേഖാമൂലം നല്‍കിയെങ്കിലും സെക്രട്ടറിക്ക് ലഭിച്ചില്ല. 

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മൂന്നുമാസം കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യയായി കണക്കാക്കും. താന്‍ നല്‍കിയ അപേക്ഷ ബോധപൂര്‍വ്വം നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന ആക്ഷേപമുയര്‍ത്തി ജഫ്‌നാസ് ദാവൂദ് രംഗത്തു വന്നിരിക്കുകയാണ്. അയോഗ്യതക്കെതിരെ നഗരസഭ കൗണ്‍സിലിന് വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ് ഇവര്‍. ഇതിനിടയില്‍ കഴിഞ്ഞ ദിവസം പെരിങ്ങത്തൂരിലെ മുസ്ലീംലീഗ് ഓഫീസില്‍ ജഫ്‌നാസിനെ നേതാക്കള്‍ വിളിച്ചുവരുത്തി വിശദീകരണവും ചോദിച്ചിരുന്നു. നേതാക്കളുടെ ചോദ്യം ചെയ്യലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട ജഫ്‌നാസിനെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും കൂട്ടി ഓഫീസിലെത്തിയ ജഫ്‌നാസിനെ നേതാക്കള്‍ കോടതി മുറികളെ വെല്ലുന്ന രീതിയില്‍ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന ആക്ഷേപവുമായി സഹോദരന്‍ ജാഫര്‍ രംഗത്തുവന്നു. ഗുരുതര ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ച് ജാഫര്‍ പാര്‍ട്ടി ഗ്രൂപ്പുകളിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കുകയും ചെയ്തു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഇരയാണ് ജഫ്‌നാസ് എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. 

നാലു വര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചവര്‍ തന്നെ മുന്നണി സംവിധാനത്തിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം കൈക്കലാക്കിയത് ഗ്രൂപ്പ് സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി നിലനിന്നുപോന്ന ഗ്രൂപ്പ് പ്രവര്‍ത്തനം തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വീണ്ടും സജീവമാകുകയാണ്. നേതാക്കളുടെ സ്ഥാന മോഹമാണ് പ്രശ്‌നങ്ങള്‍ക്ക്  പിന്നില്ലെന്നാണ് യൂത്ത് ലീഗ് നിലപാട്. ഗ്രൂപ്പിസത്തിനെതിരെ ശക്തമായ ഇടപെടല്‍ ജില്ലാ-സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടാകണമെന്നാണ് യൂത്ത് ലീഗ് ആഗ്രഹിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait