സാമൂഹിക മാധ്യമങ്ങളില്‍ ഇനി 'ഒളിച്ചിരിക്കാനാ'വില്ല; നിയമം ഈ മാസം ഒടുവില്‍

Published on 14 February 2020 5:01 pm IST
×

ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഒളിച്ചിരുന്ന് ആശയവിനിയമം നടത്തുന്നവര്‍ വൈകാതെ വെളിപ്പെടും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹിക മാധ്യമ കമ്പനികള്‍ നിര്‍ബന്ധിതരാകും. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

2018 ഡിസംബറില്‍ ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതേക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. എന്നാല്‍, സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ള സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാകും ഇതെന്നാണ് ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍, നേരത്തെ നിശ്ചയിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ കാര്യമായ മാറ്റം വരുത്താതെ പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനം ഐ.ടി മന്ത്രാലയം പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. 50 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കളുള്ള എല്ലാ സാമൂഹിക മാധ്യമങ്ങളും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാകും. ഫെയ്സ്ബുക്കും യൂട്യൂബും ടിക് ടോക്കും വാട്സാപ്പുമെല്ലാം ഇതില്‍പ്പെടും. 

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനകം ഉള്ളടക്കത്തിന്റെ ഉറവിടം കണ്ടെത്തി കൊടുക്കണമെന്ന് 2018-ലുണ്ടാക്കിയ കരടുചട്ടത്തിലുണ്ട്. സര്‍ക്കാരിന്റെ അന്വേഷകരെ സഹായിക്കാനായി ഉള്ളടക്കത്തിന്റെ രേഖകള്‍ 180 ദിവസമെങ്കിലും സൂക്ഷിക്കണമെന്നും അതിലുണ്ട്. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കുക, സര്‍ക്കാരുമായുള്ള ഇടപാടുകള്‍ക്ക് പ്രത്യേകം ഉദ്യോഗസ്ഥനെ വെക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. 

130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 50 കോടി പേരാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇവരില്‍ വ്യക്തി വിവരം വെളിപ്പെടുത്താതെയും കള്ളപ്പേരിലും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുമുണ്ട്. 40 കോടി പേര്‍ ഉപയോഗിക്കുന്ന വാട്സാപ്പ്, സ്വകാര്യതയുടെ പേരില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നിട്ടുണ്ട്. പകരം വ്യാജ വാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള ഗവേഷണത്തിന് ഫണ്ട് വാഗ്ദാനം ചെയ്യുകയും പൊതുജനത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയുമാണ് ചെയ്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait