ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിലും അടുക്കളയിലും കയറി; 68 പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രമഴിച്ച് പരിശോധന

Published on 14 February 2020 3:12 pm IST
×

ഗുജറാത്ത്: ആര്‍ത്തവ ദിനങ്ങളിലാണോ എന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധന. ഗുജറാത്തിലെ ഭുജിലെ കോളേജിലാണ് സംഭവം. ആര്‍ത്തവ സമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാര്‍ഥിനികള്‍ കയറിയെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഭുജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. 

68 ബിരുദ വിദ്യാര്‍ഥിനികള്‍ക്കാണ് ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയരാവേണ്ടി വന്നത്. ഹോസ്റ്റലിലെ റെക്ടറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. നര്‍ നാരായന്‍ ദേവ് ഗഡി വിശ്വാസികളുടെ നേതൃത്വത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്. 2012-ലാണ് ഇവിടെ കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആര്‍ത്തവ സമയത്ത് മറ്റു പെണ്‍കുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ത്തവ സമയത്തല്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളെ വരിയായി ഹോസ്റ്റല്‍ ശുചിമുറിയിലേക്ക് നടത്തിയ ശേഷം അടിവസ്ത്രം അഴിച്ചു പരിശോധിച്ചു. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 

കോളേജ് അധികൃതരെ അഹമ്മദാബാദ് മിറര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ പോലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ആരോപണം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ക്രാന്തിഗുരു ശ്യാമജി കൃഷ്ണ വര്‍മ്മ കച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. ഹിന്ദു ആചാരങ്ങള്‍ കര്‍ശനമായി പിന്‍തുടരുന്ന സ്ഥാപനമാണ് കോളേജെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കോളേജിന് സ്വന്തമായി ഹോസ്റ്റല്‍ കെട്ടിടമില്ലെന്നും സ്‌കൂള്‍ ഹോസ്റ്റല്‍ ഹോസ്റ്റലായി ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait