പാചക വാതക സിലിണ്ടര്‍ വില കൂട്ടിയതില്‍ പരക്കെ പ്രതിഷേധം 

Published on 14 February 2020 1:32 pm IST
×

കണ്ണൂര്‍: പാചകവാതക സിലിണ്ടറിന് വിലക്കൂട്ടിയതില്‍ ജനം ആശങ്കയില്‍. കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലണ്ടറിന് 146 രൂപ കൂട്ടിയത്. ഇതുകൊണ്ട് പല ഭാഗങ്ങളിലും പരക്കെ പ്രതിഷേധവും നടന്നുവരികയാണ്. സബ്‌സിഡിയായി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര കണ്ട് ശരിയാവുമെന്ന് പറയാനാവില്ല. 

സകല മേഖലയിലും പ്രവൃത്തി നിശ്ചലാവസ്ഥയിലാണുള്ളത്. ഇതുമൂലം തൊഴില്‍ തന്നെ നഷ്ടമായി. എല്ലാ തലത്തിലും ജനജീവിതം ദുരിത പൂര്‍ണ്ണമാകുമ്പോള്‍ കടന്നുവന്ന പാചകവാതക വില കേട്ട് സാധരണക്കാരന്റെ നെഞ്ചിടറി. ഇത്തരത്തില്‍ വിലക്കയറ്റമുണ്ടാവുമെന്ന് ആരും മനസില്‍ പോലും കരുതിയില്ല. ഇതിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമര രംഗത്തുണ്ട്. പാചകവാതക സിലിണ്ടറിന് അമിത വില കൂട്ടിയതിന്റെ പിന്നിലുള്ള ഉദ്ദ്യേശം വ്യക്തമല്ല. വില വര്‍ദ്ധിപ്പിക്കുകയും തിരിച്ച് സബ്‌സിഡിയായി ബാങ്കിലെത്തുമെന്ന് പറയുന്ന സര്‍ക്കാരിനോട് എന്തിനാണ് വളച്ച് വെച്ച് മൂക്ക് പിടിക്കുന്നു എന്നാണ് ജനം ചോദിക്കുന്നത്. 

വില കൂട്ടിയതിന്റെ മറവില്‍ നിത്യോപയോഗ സാധനങ്ങള്‍ അങ്ങനെ പലതിനും വില കൂട്ടാനൊരുങ്ങുകയാണ് കച്ചവടക്കാര്‍. പാചകവാതക വിലയ്‌ക്കെതിരെ ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തിന് വീര്യം പോരെന്ന് കുടുംബനാഥന്മാര്‍ പ്രതിഷേധത്തോടെ പറയുന്നു. ഗൃഹാവശ്യത്തിന് മുന്‍പ് മണ്ണെണ്ണ ആശ്വാസമായിരിന്നെങ്കിലും അളവ് കുറച്ച് അതു മുട്ടി. ഇപ്പോള്‍ സിലിണ്ടറും അടുക്കളയില്‍ നിന്ന് പുറംതള്ളേണ്ട അവസ്ഥയിലെത്തിച്ചിരിക്കയാണ് സര്‍ക്കാരെന്ന് രോഷത്തോടെ പറയുകയാണ് ഉപഭോക്താക്കള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait