പി.ജെ ആര്‍മിയും സ്തുതി ഗീതവും ജയരാജന് തലവേദനയാകുന്നു

Published on 14 February 2020 12:41 pm IST
×

കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും നവമാധ്യമങ്ങളിലും പി. ജയരാജന്‍ സ്തുതി ഗീതങ്ങള്‍ തിരിച്ചുവരുന്നു. പി. ജയരാജനെ അനുകൂലിക്കുന്ന ഫെയ്‌സ്ബുക്ക് പേജായ പി.ജെ ആര്‍മിയില്‍ ഏറെ വിവാദങ്ങള്‍ക്കിടയായ കണ്ണൂരിന്‍ താരകമല്ലേ ... ചെഞ്ചോരപ്പൊന്‍ കതിരല്ലേ... എന്ന ഗാനം വീണ്ടും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരാധനയല്ല ജനകീയതയാണ് എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഈ ഗാനം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കാണുകയും നൂറുകണക്കിന് ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ജയരാജന് അനുകൂലമായി നിരവധി കമന്റുകളും വന്നിട്ടുണ്ട്. 

പാര്‍ട്ടി നേതൃത്വം വിലക്കിയ ജയരാജ സ്തുതി ഗീതം പാര്‍ട്ടി ഗ്രാമത്തിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കാഴ്ചവരവില്‍ അവതരിപ്പിച്ചതും നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തി കേന്ദ്രീകൃത വളര്‍ച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ പി. ജയരാജനെതിരെ  പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചതില്‍ ഈ ഗാനത്തിന്റെ പങ്ക് ചെറുതല്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഗ്രാമീണ കലാസമിതിയാണ് ആല്‍ബം തയ്യറാക്കിയത്. പി.ജെ എന്നത് തന്റെ ചുരുക്കപ്പേരായി കാണുന്ന ഫേസ്ബുക്ക് പേജുകള്‍ അതില്‍ മാറ്റം വരുത്തണമെന്ന് പി.ജെ ആര്‍മി അടക്കമുള്ള ഗ്രൂപ്പുകളോട് പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ ഗാനം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും പി.ജെ ആര്‍മി അത്തരം രീതികളില്‍ നിന്ന് പിന്നോട്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെയായി പി.ജെ ആര്‍മി വീണ്ടും ജയരാജന് അനുകൂലമായ പോസ്റ്റ് കൊണ്ടും ഗാനം കൊണ്ടും പാര്‍ട്ടിക്കും ജയരാജനും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ്. പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കാതെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി ലൈക്കും ഷെയറും ചെയ്യുകയാണ്. പാര്‍ട്ടി ഗ്രാമമായ കൂത്തുപറമ്പിലെ ക്ഷേത്രത്തില്‍ അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍ മറ്റ് പ്രദേശങ്ങളിലും അവതരിപ്പിക്കാന്‍ അണികള്‍ ഒരുങ്ങുന്നത് പാര്‍ട്ടിയും ഗൗരവത്തോടെയാണ് കാണുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait