കിഡ്‌നാപ്പിംഗ്: കാസര്‍കോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു 

Published on 14 February 2020 12:25 pm IST
×

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളെയാണ് മര്‍ദ്ദിച്ചവശരാക്കി സ്വര്‍ണം കവര്‍ന്നത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങള്‍ അഴിച്ച് ദേഹ പരിശോധനയും നടത്തി. 

കരിപ്പൂരില്‍ ഒരു മാസത്തിനിടെ പോലീസിന് മുന്നിലെത്തുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ ഇന്നലെ പിടികൂടിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, സ്വര്‍ണം കൊള്ളയടിക്കാനെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. ഏറ്റവും ഒടുവില്‍ കാസര്‍കോട് സ്വദേശികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കള്ളക്കടത്ത് സ്വര്‍ണമാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ സംഭവത്തില്‍ എന്ത് വകുപ്പ് ചുമത്തി കേസെടുക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായിരുന്നു. വിദേശത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മംഗളൂരു സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. 

ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അബ്ദുള്‍ നാസര്‍ ഷംസാദിനെ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തട്ടിക്കൊണ്ടുപോയത്. ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കര എന്ന സ്ഥലത്തുവച്ച് വാഹനം തടഞ്ഞ് അബ്ദുള്‍ നാസര്‍ ഷംസാദിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം എവിടെ എന്ന് ചോദിച്ച് സംഘം അബ്ദുള്‍ നാസര്‍ ഷംസാദിനെ മര്‍ദ്ദിച്ചു. സ്വര്‍ണ്ണക്കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. സ്വര്‍ണ്ണം ഇല്ലെന്ന് മനസിലായതോട അബ്ദുള്‍ നാസര്‍ ഷംസാദിനെ കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം വഴിയില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait