കണ്ണൂരില്‍ നിര്‍മ്മിച്ച് ട്രാഫിക് പാര്‍ക്കില്‍ ഗുരുതര ക്രമക്കേട്; ചെലവഴിച്ച തുകയ്ക്കുള്ള നിര്‍മ്മാണം നടന്നില്ലെന്ന് വിജിലന്‍സ്

Published on 14 February 2020 10:57 am IST
×

കണ്ണൂര്‍: സംസ്ഥാനത്ത് ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലീസിനായി കെല്‍ട്രോണ്‍ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് കണ്ടെത്തല്‍. 

കണ്ണൂരില്‍ 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ ചെലവഴിച്ച തുകയ്ക്കുള്ള നിര്‍മ്മാണം നടന്നില്ലെന്ന് കണ്ടെത്തിയ വിജിലന്‍സ്, വിശദാന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കണ്ണൂരില്‍ 35 ലക്ഷം രൂപ ചെലവില്‍ ചാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ട്രാഫിക് പാര്‍ക്കില്‍ നിര്‍മ്മിച്ച റോഡിലെ ട്രാഫിക് ചിഹ്നങ്ങള്‍ മാഞ്ഞു തുടങ്ങി. ബിറ്റുമിനടക്കം ആവശ്യമായവ ചേര്‍ക്കാതെ പെയിന്റ് അടിച്ചതിന്റ് പരിണിത ഫലമാണിത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ചില സിഗ്‌നല്‍ കാലുകള്‍ ഇളകിപ്പോന്നു. ഇരിപ്പിടങ്ങള്‍ അടക്കം ഇതിനോടകം തകര്‍ന്നു തുടങ്ങി.  ഊഞ്ഞാലടക്കം വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ചവയും തകരാറായി തുടങ്ങി. ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്ന് തുടങ്ങിയ ട്രാഫിക് പാര്‍ക്ക് പോലീസും ഏറ്റെടുത്തിട്ടില്ല. ഡി.ജി.പി ഉദ്ഘാടനം ചെയ്ത വയനാട്ടിലെ പാര്‍ക്കിനെതിരെയും പരാതിയുണ്ട്.

ഫണ്ട് ചെലവഴിച്ചതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ജില്ലാ പോലീസ് വിശദീകരിക്കുന്നത്. വിജിലന്‍സ് പരിശോധിച്ച് ക്രമക്കേടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ് സംവിധാനങ്ങളടക്കം വിശദമായി പരിശോധിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണത്തിനായി സിഗ്‌നല്‍ സംവിധാനം അടക്കമുള്ള ട്രാഫിക് പാര്‍ക്ക് എന്നതായിരുന്നു മൂന്ന് ജില്ലകളില്‍ ഒരു കോടി ചെലവിട്ട ട്രാഫിക് പാര്‍ക്കിന്റെ ലക്ഷ്യം. വയനാട്ടിലെയും പാലക്കാട്ടെയും പാര്‍ക്കുകളും ഇതോടെ സംശയ നിഴലിലായി. വയനാട്ടില്‍ ഇതിനോടകം പരാതിയുണ്ട്. കരാറേറ്റെടുത്ത കെല്‍ട്രോണ്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉപകരാര്‍ നല്‍കുകയായിരുന്നു. മതിയായ പരിപാലനമില്ലാത്തതാണ് പാര്‍ക്ക് നശിക്കാന്‍ കാരണമെന്നാണ് കെല്‍ട്രോണിന്റെ വിശദീകരണം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait