റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും; അലനെയും താഹയെയും കോടതിയില്‍ ഹാജരാക്കും 

Published on 14 February 2020 10:19 am IST
×

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. 

കേസന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസില്‍ എന്‍.ഐ.എ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്. സി.പി.എം പ്രവര്‍ത്തകരായ അലനും താഹയും നാലുമാസം മുമ്പാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അര്‍ദ്ധരാത്രി പോലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച് നില്‍ക്കുന്നത് കണ്ടെന്നും, പോലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പോലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. 

ഇരുവരുടെയും അറസ്റ്റ് കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. സി.പി.എം പ്രാദേശിക ഘടകം കേസില്‍ അലനും താഹയ്ക്കും ഒപ്പം നിന്നെങ്കിലും ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായി. ചായ കുടിക്കാന്‍ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതികരണവുമായി താഹയുടെ കുടുംബവും സി.പി.എം പ്രവര്‍ത്തകരായ അലന്റെ കുടുംബവും രംഗത്തെത്തി. പ്രതിപക്ഷം പിന്നീട് ഈ സമരം ഏറ്റെടുത്തു. അലന്റെയും താഹയുടെയും വീടുകളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഇതോടെ സി.പി.എം പ്രതിരോധത്തിലായി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait