പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്സ്: 40 ജവാന്മാരുടെ ധീര സ്മരണകളില്‍ രാജ്യം 

Published on 14 February 2020 9:59 am IST
×

ദില്ലി: ഇന്ന് ഫെബ്രുവരി 14. പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ രാജ്യത്തിന് നഷ്ടമായ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. 2019 ഫെബ്രുവരി 14-നാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നത്. ജമ്മു കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. 

78 വാഹനങ്ങളിലായി അവധി കഴിഞ്ഞു മടങ്ങുന്ന 2547 ജവാന്മാര്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നേകാലോടെ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ചാവേര്‍ ഓടിച്ച് വന്ന കാറില്‍ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരുന്നത്. 76-ാം ബറ്റാലിയന്റെ ബസ്സിലുണ്ടായിരുന്ന 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പുല്‍വാമ കാകപോറ സ്വദേശി തന്നെയായ ആദില്‍ അഹമ്മദായിരുന്നു ചാവേറായി കാര്‍ ഓടിച്ച് വന്നത്. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ആദിലിന്റെ വീഡിയോയും ജയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടു. ചാവേറായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം ജയ്‌ഷെ-ഇ-മുഹമ്മദ് കമാന്‍ഡര്‍ മുദാസിര്‍ അഹമ്മദ് ഖാന്‍ ആണെന്ന് തുടര്‍ന്ന് കണ്ടെത്തി. മുഹമ്മദ് ഭായി എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജയ്ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായായിരുന്നു കണ്ടെത്തല്‍. കശ്മീര്‍ താഴ്വരയില്‍ ജയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചത്. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14-ന് വീട് വിട്ട മുദാസിര്‍ ജയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. 

പിന്നീട് പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ഇന്ത്യ പുറത്തുവിട്ടു. ആക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. പാകിസ്താനിലെ സൈനിക ആശുപത്രിയിലിരുന്നാണ് മസൂദ് അസര്‍ സന്ദേശം അയച്ചതെന്നും കണ്ടെത്തി. അസറിന്റെ ബന്ധു ഉസ്മാനെ ഒക്ടോബറില്‍ ത്രാലില്‍ സുരക്ഷാസേന വധിച്ചതിന്റെ പ്രതികാരമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആക്രമണം ആസൂത്രണം ചെയ്ത അഫ്ഗാന്‍ സ്വദേശിയും താലിബാന്‍ അംഗവുമായിരുന്ന അബ്ദുള്‍ റഷീദ് ഘാസിക്കും ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മുഹമ്മദ് ഉമൈറിനുമാണ് ശബ്ദ സന്ദേശം കൈമാറിയത്. 1998-ല്‍ മസൂദ് അസര്‍ സ്ഥാപിച്ച ഭീകര സംഘടനയാണ് ജയ്‌ഷെ മുഹമ്മദ്. 

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലക്കോട്ടിലുള്ള ഭീകര പരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാറും ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. ജീവത്യാഗം ചെയ്ത സൈനികരുടെ സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് ലത്‌പോരയിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ നടക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait