അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്ന് തള്ളിയിട്ട സംഭവം: ക്ലീനര്‍ പിടിയില്‍

Published on 13 February 2020 9:44 pm IST
×

മട്ടന്നൂര്‍: സ്വകാര്യ ബസ്സില്‍ കയറുന്നതിനിടെ വിദ്യാര്‍ത്ഥിയെ തള്ളിയിട്ട സംഭവത്തില്‍ ക്ലീനര്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകിട്ട് മട്ടന്നൂര്‍ കൂടാളിയിലായിരുന്നു സംഭവം. ബസ്സും മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇന്നലെ വൈകിട്ട് കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. കൂടാളി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് ബസ്സില്‍ കയറുന്നതിനിടെ തടഞ്ഞുവെച്ച് റോഡിലേക്ക് തള്ളിയിട്ടത്. റോഡിലേക്ക് തെറിച്ചു വീണ കുട്ടി മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് മട്ടന്നൂര്‍ പോലീസ് ബസ്സും ക്ലീനര്‍ ശ്രീജിത്തിനെയും കസ്റ്റഡിയിലെടുത്തത്. 

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരാന്‍ കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കെ.സി.എം ബസ്സില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിയെ തള്ളിയിടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് മട്ടന്നൂര്‍ സി.ഐ ലതീഷിന്റെ നേതൃത്വത്തില്‍ ക്ലീനറെയും ബസ്സും കസ്റ്റഡിയിലെടുത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait