പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച സമരം; പിണറായിക്ക് മുല്ലപ്പള്ളിയുടെ വെല്ലുവിളി 

Published on 13 February 2020 9:23 pm IST
×

കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരായി യോജിച്ച സമരം വേണമെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറുണ്ടോ എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ വെച്ചാണ് ഈ വെല്ലുവിളി നടത്തുന്നതെന്നും മുഖ്യന്ത്രി തയ്യാറാണെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സംസ്‌ക്കാര സാഹിതി യോജിച്ച സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന സംരക്ഷിക്കാനായി സംസ്‌ക്കാര സാഹിതിയുടെ കാവല്‍യാത്രയുടെ സമാപന സമ്മേളനം കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.

എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്. പൗരത്വ നിയമത്തിനെതിരായി സമരം നടത്തുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാമെന്ന് മോഡി പറഞ്ഞപ്പോള്‍ അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാദാപുരത്ത് ഇടത്തോട്ട് മുണ്ടുടുത്തവനെ അടിക്കാന്‍ പറഞ്ഞവരാണ് സി.പി.എമ്മുകാര്‍. 33 വര്‍ഷം ഭരിച്ച ബംഗാളില്‍ മുസ്ലീങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്തവരാണിവര്‍. ഇന്ത്യയില്‍ ഫാസിസത്തിനെതിരായ സമരത്തില്‍ ഒരിടത്തും കമ്യൂണിസ്റ്റുകളുണ്ടായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും ഫാസിസവുമായി ഒത്തുകളിക്കുകയുമായിരുന്നു അവരെന്നും കുറ്റപ്പെടുത്തി. സദ്ദാംഹുസൈന്‍ ജീവിച്ചിരിക്കുമ്പോള്‍ ലോകം കണ്ട ഏകാധിപതിയെന്ന് ഇ.എം.എസ് ലേഖനമെഴുതുകയും മരിച്ച് കഴിഞ്ഞപ്പോള്‍ രക്തസാക്ഷിയാക്കിയവരുമാണ് സി.പി.എം. വോട്ടിനു വേണ്ടി മുസ്ലിം ന്യൂനപക്ഷളെ വഞ്ചിക്കുകയാണ്. പൗരത്വ നിയമത്തിനെതിരായ സമരത്തെ വഞ്ചിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് സി.പി.എമ്മുമായി യോജിച്ച സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചത്. രാജ്യത്ത് പൗരത്വ നിയമഭേദഗതിയടക്കമുള്ള ബി.ജെ.പിയുടെ ഫാസിസത്തിനെതിരെ സമരം നയിക്കുന്നത് കോണ്‍ഗ്രസാണ്. സമരത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് സി.പി.എം വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാസിസത്തിനെതിരെ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പൗരത്വ നിയമഭേദഗതി കേവലം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കമാണെന്നും വ്യക്തമാക്കി. സാഹിതി ജില്ലാ ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ് ആധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, സജീവ് ജോസഫ്, സജീവ് മാറോളി, മുന്‍ എം.എല്‍.എ പ്രൊഫ. എ.ഡി മുസ്തഫ, പ്രൊഫ. വി. മുഹമ്മദ് അഹമ്മദ്, വി.എ നാരായണന്‍, മോഹന്‍ജി വെണ്‍പുഴശേരി, കെ.ആര്‍.ജി ഉണ്ണിത്താന്‍, കാരയില്‍ സുകുമാരന്‍, പ്രദീപ് പയ്യന്നൂര്‍ പ്രസംഗിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച 'ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍' തെരുവ് നാടകം അരങ്ങേറി. പ്രതിരോധത്തിന്റെ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. കഴിഞ്ഞ 27-ന് തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്ത കാവല്‍യാത്രയാണ് മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തി കണ്ണൂരില്‍ സമാപിച്ചത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait