തദ്ദേശ തെരഞ്ഞെടുപ്പ്: 2015-ലെ പഴയ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Published on 13 February 2020 3:09 pm IST
×

കൊച്ചി: ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015-ലെ പഴയ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് തള്ളി. 

2019-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് നിരവധി സമയം വേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫും സര്‍ക്കാരും ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ 2015-ന് ശേഷം പ്രായപൂര്‍ത്തിയായ, വോട്ടവകാശം നേടിയ നിരവധിപ്പേരുണ്ടാകുമെന്നും അവര്‍ക്കെല്ലാം ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രണ്ടാമത് ചേര്‍ക്കേണ്ടി വരുമെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 2019-ല്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടി വരും. 2015-ലെ പട്ടികയില്‍ ഇവരുടെ പേരുണ്ടാകില്ലെന്നതാണ് കാരണം.

മണ്ഡലത്തിലെ വാര്‍ഡ് അടിസ്ഥാനമാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കുന്നത് പോളിംഗ് ബൂത്ത് അടിസ്ഥാനമാക്കിയാണ്. പല വാര്‍ഡുകളുടെയും ഭാഗങ്ങള്‍ വിവിധ പോളിംഗ് ബൂത്തുകളിലായി ചിതറിക്കിടക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതിനി രണ്ടാമത് തയ്യാറാക്കണമെങ്കില്‍ ഇരുപത്തി അയ്യായിരത്തോളം അസംബ്ലി ബൂത്തുകളിലേക്ക് വീണ്ടും ഉദ്യോഗസ്ഥര്‍ പോകണം. വീടുവീടാന്തരം കയറി പരിശോധിക്കണം. വീണ്ടും പട്ടിക തയ്യാറാക്കണം. അങ്ങനെയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതിനായി പത്ത് കോടിയോളം രൂപ ചെലവാകുമെന്നും കമ്മീഷന്‍ വാദിച്ചു. 

ഈ വാദം കൂടി പരിഗണിച്ചാണ് യു.ഡി.എഫ് ഹര്‍ജി ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കിയിരുന്നു. എന്നാലിത് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയാണ്. വാദത്തിനിടെ പഴയ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരെ ഡിവിഷന്‍ ബെഞ്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കോടതി ഉത്തരവിടുകയാണെങ്കില്‍ പുതിയ പട്ടിക തയ്യാറാക്കാന്‍ ശ്രമിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കോടതി തീരുമാനിക്കട്ടെ എന്നാണ് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്ദീനും വ്യക്തമാക്കിയത്. അതിനാല്‍ ഇനി അപ്പീല്‍ പോയി സമയം കളയാനില്ലെന്നതിനാല്‍, പുതിയ പട്ടിക തയ്യാറാക്കാന്‍ തന്നെയാണ് സാധ്യത.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait