കാട്ടാമ്പള്ളിയുടെ വികസനത്തിന് പതിനഞ്ചുകോടി

Published on 13 February 2020 1:47 pm IST
×

തിരുവനന്തപുരം: കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം നടന്നു. കൈപ്പാട് പ്രദേശം തരിശിട്ടതു മൂലം കടന്നുകയറിയ കണ്ടലിനെ നീക്കി കര്‍ഷകര്‍ കൃഷി ചെയ്യാന്‍ നിലമൊരുക്കുമ്പോള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന യാതൊരു തരത്തിലുള്ള നടപടികള്‍ ഒന്നും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് യോഗം തീരുമാനിച്ചു. 

ഇത് സംബന്ധിച്ച് വിലയിരുത്തുന്നതിനായും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷ്, തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസ്, പ്രൊജക്ടര്‍ എഞ്ചിനിയര്‍, ജില്ലാ കൃഷി ഓഫീസര്‍, പ്രൊജക്ട് ഡയറക്ടര്‍ കെ.എ.ഡി.എസ്, പ്രസിഡന്റ്, സെക്രട്ടറി മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. നബാഡിന്റെ ധനസഹായത്തോടെ കണ്ണപുരം, ചെറുകുന്ന്, ഏഴോം, പട്ടുവം എന്നീ പഞ്ചായത്തുകളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ബണ്ട് നിര്‍മ്മാണം മെയ് മാസം പൂര്‍ത്തീകരിക്കണം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകുന്ന് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന റിസര്‍ച്ച് ഡവലപ്‌മെന്റ് സെന്ററിനും റൈസ് മില്ലിനും മൂന്നുകോടി അനുവദിക്കുന്നതിനും തീരുമാനമായി. 

സി.ആര്‍.സെഡ് പരിധിയില്‍പ്പെട്ടതല്ല കൈപ്പാട് നെല്‍ക്കൃഷി ഭൂമി. അതിനാല്‍ കൈപാടിലേക്ക് അതിക്രമിച്ചുവന്ന കണ്ടലുകളെ കര്‍ഷകര്‍ക്ക് പുനഃക്രമികരിക്കാവുന്നതാണ്. കൈപ്പാട് പ്രദേശത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എല്‍.ഡി.സിയെ ചുമതലപ്പെടുത്തി. കാട്ടാമ്പള്ളി കൈപ്പാട് ഉള്‍പ്പടെയുള്ള വികസനത്തിനായുള്ള 15 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കാനും തീരുമാനിച്ചു. കൈപ്പാടില്‍ നെല്‍കൃഷിയും, മത്സ്യകൃഷിയും, കണ്ടലും, ഓരു ജലപ്രവാഹവും നിലനിന്നു പോകുമ്പോഴെ കൈപ്പാടിന്റെ പ്രകൃത്യാ ജൈവകൃഷി ചെയ്യുന്ന ആവാസ വ്യവസ്ഥ നിലനിന്നു പോകുകയുള്ളുവെന്ന് യോഗം വിലയിരുത്തി. പ്രളയ ജലത്തെ ഭൂഗര്‍ഭത്തിലേക്ക് ഒഴുക്കിവിടാന്‍ കഴിവുള്ള ഒരു വലിയ തണ്ണീര്‍തടമാണ് കൈപ്പാട്. ഇവിടെ നെല്‍ക്കൃഷിക്കും മത്സ്യകൃഷിക്കും ഒരുപോലെ പ്രാധാന്യം നല്‍കണം. മത്സ്യകൃഷിക്ക് പരമ്പരാഗത മത്സ്യവര്‍ഗങ്ങളെ ഉപയോഗിക്കാന്‍ പാടുള്ളൂ. 

യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എമാരായ ടി.വി രാജേഷ്, ജയിംസ് മാത്യു, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ വാസുകി, രാജീവ് പി.എസ് (എം.ഡി, കെ.എല്‍.ഡി.സി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി രാമകൃഷ്ണന്‍ (കണ്ണപുരം), പി.കെ ഹസന്‍ കുഞ്ഞിമാസ്റ്റര്‍ (ചെറുകുന്ന്), ആനക്കീല്‍ ചന്ദ്രന്‍ (പട്ടുവം), കെ. ലക്ഷ്മണന്‍ (കല്യാശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), അജിത്ത് മാട്ടൂല്‍ (ജില്ലാ പഞ്ചായത്ത് അംഗം), കെ. കാര്‍ത്തികേയന്‍ (സി.സി.എഫ് നോര്‍ത്ത് സര്‍ക്കിള്‍), ദിനേശന്‍ ചെറുവാട്ടില്‍ (എക്‌സി. ഡയറക്ടര്‍, അഡാക്), പ്രൊഫ. ടി. വനജ (പ്രൊജക്ട് ഡയറക്ടര്‍, കാഡ്‌സ്), ലാല്‍ ടി.  ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, കണ്ണൂര്‍), കൈപ്പാട് ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.വി നാരായണന്‍, സെക്രട്ടറി എം. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait