പണിമുടക്കാനൊരുങ്ങി ജില്ലയിലെ പെട്രോള്‍-പാചകവാതക ജീവനക്കാര്‍ 

Published on 13 February 2020 12:29 pm IST
×

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പ്, പാചകവാതക തൊഴിലാളികള്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. നിലവിലെ ഏജന്‍സികളില്‍ നിന്ന് ഉപഭോക്താക്കളെ മാറ്റി പുതിയ ഏജന്‍സികള്‍ വ്യാപകമായി ആരംഭിക്കുന്നുണ്ടെന്നാണ് കണ്ണൂര്‍ ജില്ലാ ഫ്യൂയല്‍ എംപ്ലോയിസ് യൂനിയന്‍ ആരോപിക്കുന്നത്. 

കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ പെട്രോള്‍ പമ്പ്, എല്‍.പി.ജി ഗ്യാസ് ഏജന്‍സിക്ക് കീഴിലായി 5000-ത്തോളം സ്ത്രീകളടക്കമുള്ള തൊഴിലാളികളുണ്ട്. 350 രൂപ ദിവസ വേതനത്തിലാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ജീവിക്കാനാവശ്യമായ വേതനം നല്‍കാതെ വ്യാപകമായി പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നത് തങ്ങളുടെ തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഇവരുടെ വാദം. രാത്രിയും പകലും കൃത്യമായ സമയമില്ലാതെ ജോലി ചെയ്യുമ്പോള്‍ പ്രതിദിനം 300 രൂപ കൊടുക്കുന്ന ഏജന്‍സികളുമുണ്ട്. ദിവസം 600 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി ഉടമകള്‍ നോട്ടീസ് നല്‍കിയെങ്കിലും ലേബര്‍ വകുപ്പ് മൂന്നുതവണ കണ്‍സിലേഷന്‍ വിളിച്ചിട്ടും ഉടമകള്‍ പങ്കെടുത്തില്ലെന്നും യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. കൂടാതെ ഇവര്‍ക്ക് ജോലിയില്‍ ആവശ്യമായ സുരക്ഷിത ഉപകരണങ്ങള്‍ നല്‍കുന്നില്ല. ഇ.എസ്.ഐ ചില സ്ഥാപനങ്ങളില്‍ മാത്രമാണ് നല്‍കുന്നത്. ഇതിനു പരിഹാരമായി തൊഴിലാളികളെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യിക്കണമെന്നാണ് ഇവരുടെ ആവശ്യം. പണിമുടക്കിനു മുന്നോടിയായി നാളെ രാവിലെ 10-ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് സി.കെ.പി പത്മനാഭന്‍, എം. പ്രേമരാജന്‍, പി. ചന്ദ്രന്‍, പി. പ്രകാശ്കുമാര്‍, എ. രാഗേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait