സ്‌കൂളുകളില്‍ അന്ധത നിയന്ത്രണം: വിദ്യാര്‍ഥികള്‍ക്കുള്ള കണ്ണട വിതരണം നിലച്ചു

Published on 13 February 2020 11:44 am IST
×

കണ്ണൂര്‍: കേരളത്തിലെ അന്ധതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കി കാഴ്ച പരിശോധനാ ക്യാമ്പുകള്‍ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു. ഈ ക്യാമ്പുകളില്‍ കാഴ്ചക്കുറവ് കണ്ടെത്തുന്ന കുട്ടികള്‍ക്ക് പരിഹാരമായി കണ്ണടകള്‍ നിര്‍ദ്ദേശിക്കുകയും ഈ കണ്ണടകള്‍ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം വരെ  ലഭ്യമാക്കുകയും ചെയ്തിരുന്നു. 

ജില്ലാ തലത്തില്‍ ആവശ്യമായ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ തന്നെ കണ്ണടകളും ഒപ്‌റ്റോമെട്രിസ്റ്റുമാരുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയാല്‍ പരമാവധി വേഗത്തില്‍ (1 മാസത്തിനകം എങ്കിലും) കണ്ണടകള്‍ വച്ചെങ്കില്‍ മാത്രമേ ചികിത്സകൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് ഇന്നേവരെ കുട്ടികള്‍ക്ക് കണ്ണട ലഭ്യമാക്കുവാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും തയ്യാറായിട്ടില്ല. 2019 ജൂണ്‍ മാസം മുതല്‍ പരിശോധന നടത്തി കണ്ണട നിര്‍ദ്ദേശിക്കപ്പെട്ട കുട്ടികള്‍ പതിവായി പരിശോധന നടത്തി കണ്ണടകള്‍ മാറ്റാറുള്ള കുട്ടികള്‍ ഇവര്‍ക്കൊന്നും കണ്ണടകള്‍ ലഭ്യമായിട്ടില്ല. ഇനി ഇവ ലഭ്യമാക്കിയാല്‍ തന്നെ കാലതാമസം മൂലം വീണ്ടും പരിശോധിക്കാതെ കണ്ണട നല്‍കാനുമാവില്ല. സംസ്ഥാനതലത്തില്‍ ടെണ്ടര്‍ വിളിച്ചു എന്നൊക്കെയാണ് പറയപ്പെടുന്നതെങ്കിലും ഒന്നും എങ്ങുമെത്തിയിട്ടുമില്ല. 

എന്‍.പി.സി.ബി പദ്ധതി പ്രകാരം തുക അനുവദിച്ചു നല്‍കിയിട്ടും പാവപ്പെട്ട കുട്ടികള്‍ക്ക് കിട്ടേണ്ടുന്ന സഹായം താറുമാറാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഇതിനിടയില്‍ ചില സ്വകാര്യ ആശുപത്രികള്‍ സ്‌കൂള്‍ പരിശോധന നടത്തി കണ്ണട കച്ചവടം തകൃതിയായി നടത്തുകയാണ്. സ്വകാര്യ ലോബിയില്‍ നിന്നും കോഴ  വാങ്ങി അവരെ സഹായിക്കുകയാണ് ഉദ്യോഗസ്ഥ മേലാളുകള്‍ എന്നത് വ്യക്തമായിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്നും പതിവായി കണ്ണട ലഭിച്ചുകൊണ്ടിരുന്ന പാവപ്പെട്ട കുട്ടികള്‍ മറ്റു വഴികളില്ലാതെ വലയുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait