കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ സജ്ജമായി

Published on 13 February 2020 11:09 am IST
×

തളിപ്പറമ്പ്: സംസ്ഥാനത്തെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി. അടുത്ത മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ഫാക്ടറി പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സോഫ്റ്റ് വുഡ് നിരവധി പ്രക്രിയകളിലൂടെ ഹാര്‍ഡ് വുഡാക്കി മാറ്റി ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്ന രീതിയാണ് ഫാക്ടറിയില്‍ നടക്കുന്നതെങ്കിലും ഭാവിയില്‍ ഹാര്‍ഡ് വുഡുകളും ഉപയോഗിക്കുമെന്ന് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി. അബ്ദുള്‍ കരീം പറഞ്ഞു. 

2005-ല്‍ ക്ലസ്റ്റര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമിലുടെ ചെറുകിട ഉല്‍പാദകരുടെ തൊഴില്‍പരമായ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിക്ക് 2012-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റ കോമണ്‍ ഫെസിലിറ്റി സെന്ററായി അംഗീകാരം ലഭിച്ചു. ഇതു പ്രകാരം ആകെ ചെലവിന്റെ 70 ശതമാനം ഇന്ത്യാ ഗവണ്‍മെന്റും 20 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി 10 ശതമാനം തുക കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്ന 53 അംഗങ്ങളുമാണ് വഹിച്ചത്. 20 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഫാക്ടറി പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ നാലര ഏക്കര്‍ സ്ഥലത്താണ് പ്രര്‍ത്തിക്കുന്നത്. റബ്ബര്‍ മരങ്ങളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മരങ്ങള്‍ വിവിധ രാസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷം 12 ദിവസം കില്ലന്‍ എന്ന പേരിലുള്ള അറകളില്‍ സൂക്ഷിച്ച് മുകളിലുള്ള ഫാന്‍ വഴി ചൂടുകാറ്റ് ഏല്‍പ്പിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായി മാറ്റുന്നത്. കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായവര്‍ക്ക് മരവുമായി വന്നാല്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച് കൊണ്ടുപോകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. 

വന്‍ തുക മുതല്‍ മുടക്കുള്ള എല്ലാ അത്യാധുനിക യന്ത്രങ്ങളും സജീകരിച്ചതാനാല്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് പല കഠിനമായ ജോലികളും ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. ഇപ്പോള്‍ ചൈന, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നും 60 ശതമാനത്തോളം ഫര്‍ണിച്ചറുകള്‍ ഇറക്കുമതി ചെയ്യുന്നത് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കും. കെ.പി രവീന്ദ്രന്‍ മാനേജിംഗ് ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ജില്ലയിലെ എല്ലാ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളും ഓഹരി ഉടമകളാണ്. ഇതോടനുബന്ധിച്ച് സ്ഥിരം പ്രദര്‍ശന കേന്ദ്രമായ മാര്‍ക്കറ്റിംഗ് ഹബ് ആന്റ് എക്‌സിബിഷന്‍ സെന്റര്‍ ദേശീയപാതയോരത്ത് കോരന്‍പീടികയില്‍ പ്രവര്‍ത്തനമാരംഭിക്കും. 

കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യ പ്രദര്‍ശന കേന്ദ്രമാണിത്. 45,000 ചതുരശ്രയടിയില്‍ പത്തുകോടി രൂപ ചെലവിലാണ് ഇത് ആരംഭിക്കുക. കേന്ദ്രീകൃത ശീതീകരണ സംവിധാനവും ലിഫ്റ്റുകളും ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യവും 50 സെന്റ് സ്ഥലത്ത് പണിയുന്ന കെട്ടിടത്തില്‍ ഉണ്ടാകും. ഇതിന്റെ ചെലവായ 10 കോടിയില്‍ 9 കോടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ബാക്കി ഒരുകോടി രൂപ 40 അംഗങ്ങള്‍ സമാഹരിക്കും. ഒരാള്‍ക്ക് 250 ചതുരശ്രയടി സ്ഥലം ഉല്‍പ്പന്ന പ്രദര്‍ശനത്തിനായി അനുവദിക്കും. ഇവിടെ വില്‍പ്പന ഉണ്ടാവില്ലെന്നും, ആവശ്യക്കാര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാമെന്നും സി. അബ്ദുള്‍ കരീം പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait