അണ്ടലൂര്‍ തിറ മഹോത്സവം നാളെ തുടങ്ങും

Published on 13 February 2020 10:47 am IST
×

എടക്കാട്: അണ്ടലൂരപ്പന്റെ അനുഗ്രഹമേറ്റുവാങ്ങാന്‍ നാടൊന്നായി തായ്യാറെടുത്ത് നില്‍ക്കുന്ന അത്യപൂര്‍വ്വമായ കാഴ്ചയാണ് ധര്‍മ്മടം പഞ്ചായത്തില്‍ കാണുന്നത്. ഇവിടെയുള്ള എല്ലാ വീടുകളും വഴികളും വൃത്തിപൂണ്ടു നില്‍ക്കുന്നു. സമൃദ്ധമായ വാഴക്കുലകള്‍ കാണുന്ന മാത്രയില്‍ കണ്ണിനെ പ്രകൃതിയാദ്രമാക്കുമ്പോള്‍ അവില്‍ മലര്‍ഗന്ധം ഉത്സവാനുഭൂതിയെ മധുരമാക്കും. ദൈവത്താറുടെ മുടി അഴിക്കുന്നത് വരെ മത്സ്യ-മാംസങ്ങള്‍ നാടിന് വര്‍ജ്ജിതമാണ്. ഭക്തിയും വ്രതവും കൂട്ടായ്മയും ഒന്നായി ശ്രീരാമ സങ്കല്‍പ്പമായ ദൈവത്താറീശ്വനെ വരവേല്‍ക്കുകയാണ് നാളെ മുതല്‍ 20 വരെ. 

21-ന് രാവിലെ തിരുവാഭരണം അറയില്‍ സൂക്ഷിക്കുന്നതോടെ അണ്ടലൂര്‍ തിറ മഹോത്സവം സമാപിക്കും. രാമായണ കഥയിലെ പ്രധാന ഭാഗം ആണ്ടുതോറും പുനരാവൃത്തിയാവുന്നത് തെയ്യാട്ടത്തിലൂടെ. ഇതില്‍ ബാലി സുഗ്രീവ യുദ്ധം പ്രധാനം. ദൈവത്താറീശ്വരനെ തങ്ങളുടെ ജീവിത താളമായി കൊണ്ടുനടക്കുന്ന അണ്ടലൂരുക്കാര്‍ക്ക് തിറയുത്സവമെന്നാല്‍ ആവേശവും ആത്മനിര്‍വൃതിയും ആദിത്യ മര്യാദയുടെയുടെയും അമൃതോത്സവമാവും. ഇനി ഇവര്‍ക്ക് ഉറക്കമില്ല. സദാസമയവും വലിപ്പ ചെറുപ്പമില്ലാതെ അണ്ടലൂരിലെ താഴെക്കാവിലും മേലേക്കാവിലും പൂഴി മണലിലൂടെ ഓടി നടക്കുന്നതും ഇട നടവഴികളിലെവിടെയും ശുഭ്രധാരികളായ മാനവ (വാനരപ്പട) നിയന്ത്രണ പടയും അണ്ടലൂര്‍ മഹോത്സത്തിന്റെ ദൃശ്യ ചാരുതയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait