പൊയിലൂര്‍ ക്ഷേത്രത്തിലെ കവര്‍ച്ച: പിന്നില്‍ ആര്‍.എസ്.എസിന്റെ ഗൂഢാലോചനയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 

Published on 12 February 2020 9:04 pm IST
×

പാനൂര്‍: പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയിലേതടക്കം ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെയും പൊയിലൂര്‍ മഠപ്പുര കമ്മിറ്റി പ്രസിഡന്റിനെതിരെയും നടക്കുന്ന ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്നും, കവര്‍ച്ചയ്ക്ക് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ഗൂഢാലോചനയുണ്ടെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു പറഞ്ഞു. 

ഏറെ ആളുകള്‍ പങ്കെടുക്കുന്ന പൊയിലൂര്‍ മുത്തപ്പന്‍ മഠപ്പുര ആര്‍.എസ്.എസിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ഒ.കെ വാസു പറഞ്ഞു. നിരവധി തവണ ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. മുത്തപ്പന്‍ വിഗ്രഹങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലവും പല രീതിയിലായി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കള്‍ കൈക്കലാക്കിയിരുന്നതായും ഒ.കെ വാസു ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയ്ക്ക് ദേവസ്വം ബോര്‍ഡിനോ പാര്‍ട്ടിക്കോ യാതൊരു പങ്കുമില്ലെന്നും കവര്‍ച്ച ആസൂത്രിതമാണെന്നും ഒ.കെ വാസു പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കണ്ണൂരില്‍ ആവശ്യപ്പെട്ടു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait