ചെറു മീന്‍പിടിത്തം വ്യാപകമാകുന്നു; മത്സ്യസമ്പത്ത് ആശങ്കയില്‍

Published on 12 February 2020 4:59 pm IST
×

കണ്ണൂര്‍: നിയമം മറികടന്ന് ചെറു മത്സ്യങ്ങള അനിയന്ത്രിതമായി പിടിച്ചെടുക്കുന്നത് വ്യാപകമായി തുടരുന്നു. ഇവയെ അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തീറ്റ നിര്‍മ്മാണ ശാലകള്‍ക്കും, വളം നിര്‍മ്മാണത്തിനുമായി തുച്ചമായ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ചെറു മത്സ്യങ്ങളെ പാടെ വാരിയെടുക്കുന്നത് മത്സ്യ സമ്പത്തിന്റെ സര്‍വ്വനാശത്തിന് കാരണമാവുകയാണ്. ചെറു മീന്‍പിടിത്തം വ്യാപകമായി തുടരുന്നതോടെ സംസ്ഥാനത്തെ തീരങ്ങളില്‍ മത്സ്യ സമ്പത്ത് വന്‍ തോതില്‍ കുറയുന്നതായാണ് കണക്ക്. മത്സ്യങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയിലെത്തി പ്രജനനം നടത്തിയാല്‍ മാത്രമേ മത്സ്യ സമ്പത്ത് വര്‍ധിക്കുകയുള്ളു. പ്രജനന പ്രായമെത്തുന്നതിന് മുന്‍പ് ചെറു മത്സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്നതോടെ അവയെ ആഹാരമാക്കുന്ന ഭക്ഷ്യ ശൃംഖലയിലെ വലിയ മത്സ്യങ്ങളുടെ നിലനില്‍പ്പും ഹാനികരമാവുകയാണ്. 

ചെറു മീന്‍പിടിത്തം മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെയും പ്രതികൂലമായി ബാധിക്കുകയാണ്. കടലിലെ ആവാസ വ്യവസ്ഥയെയും മത്സ്യതൊഴിലാളികളുടെ നിലനില്‍പ്പിനെയും ബാധിക്കുമെന്നതിനാല്‍ നിശ്ചിത വലിപ്പത്തില്‍ താഴെയുള്ള ചെറു മീനുകളെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങളെ വകവെയ്ക്കാതെയാണ് പലയിടത്തും ചെറു മീന്‍പിടിത്തം തകൃതിയായി നടക്കുന്നത്. കേരളീയ തീരത്ത് സുലഭമായ 58 തരം ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള വലിപ്പം സംബന്ധിച്ചുള്ള ഉത്തരവും സംസ്ഥാന മത്സ്യ ബന്ധന വകുപ്പ് ഇറക്കിയിട്ടുണ്ട്. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന് പുറമെ കാലാവസ്ഥ വ്യതിയാനം, ആഗോള താപനം, അനിയന്ത്രിത മത്സ്യ ബന്ധനം, വര്‍ധിച്ചു വരുന്ന സമുദ്ര ജല മലിനീകരണം എന്നിവയും മത്സ്യ സമ്പത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലയില്‍ ചെറു മത്സ്യങ്ങളെ പിടിക്കുന്നത് നിലവില്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. മുന്‍പ് ചെറു മീന്‍പിടിത്തം വ്യാപകമായി നടന്നിരുന്നു. ഇതിനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിയമ വിരുദ്ധ മത്സ്യബന്ധനം തടയാന്‍ പെട്രോളിംഗ് നടത്തുന്നുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait