ക്വാറികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published on 12 February 2020 4:50 pm IST
×

ചെറുപുഴ: ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍. ചെറുപുഴ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എയ്യന്‍ കല്ല്, പെരുവട്ടം ക്വാറികളാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. സ്ഥലം സന്ദര്‍ശിക്കാതെയും പ്രദേശവാസികളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കാതെയുമാണ് ഉദ്യോഗസ്ഥര്‍ പല സര്‍ട്ടിഫിക്കറ്റുകളും ഉടമയ്ക്ക് നല്‍കിയെന്ന ആരോപണമുണ്ട്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ഉടമ നേടിയെടുത്തത്. 

ക്വാറിയില്‍ നിന്നും 300 മീറ്ററിനും ഒരു കി.മീറ്ററിനും ഇടയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ട്. ക്വാറി ഉടമ നല്‍കിയ അപേക്ഷയില്‍ ആറ് കി.മീറ്റര്‍ ദൂരെയുള്ള തിരുമേനിയില്‍ മാത്രമാണ് ആള്‍ത്താമസമുള്ളതെന്നാണ് നല്‍കിയത്. പ്രദേശത്തെ വിദ്യാലയത്തില്‍ നിന്നും കേവലം ഒന്നര കി.മീറ്റര്‍ മാത്രമേ ക്വാറിയിലേക്കുള്ളത്. ക്വാറിക്ക് സമീപം തന്നെ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും 3 കി.മി ദൂരമുള്ള ശാസ്ത്രാ ക്ഷേത്രം മാത്രമാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത്. ക്വാറി പ്രവര്‍ത്തനം ആരംഭിച്ചതോടെ നേരത്തെ ജല സമൃദ്ധമായ പ്രദേശത്ത് കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയിലാണ്. എല്ലാ നിയമങ്ങളും അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം ഗ്രാമസഭ വിളിച്ചു ചേര്‍ത്തിരുന്നു. ഇരുന്നൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ ജനജീവിതത്തിന് തടസം നില്‍ക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന പ്രമേയവും പാസാക്കിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait