കുപ്പി വെള്ളത്തിന്റെ പരമാവധി വില ഇനി 13 രൂപ  

Published on 12 February 2020 4:41 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിര്‍ണയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചു. വിഞ്ജാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വില നിയന്ത്രണം നിലവില്‍ വരുമെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

ഇപ്പോള്‍ നികുതി ഉള്‍പ്പെടെ 8 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. വില്‍ക്കുന്നതാകട്ടെ 20 രൂപയ്ക്കും. വില നിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് നിര്‍ദേശിക്കുന്ന ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും. ഈ വ്യവസ്ഥകള്‍ അനുസരിച്ച് സംസ്ഥാനത്ത് 220 പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനികള്‍ ഓരോന്നും ശരാശരി 5000 ലിറ്റര്‍ കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ 200 അനധികൃത കമ്പനികളും പ്രവര്‍ത്തിക്കുന്നു. നിയമപ്രകാരം ഒരു കുപ്പിവെള്ള നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ 12 ലൈസന്‍സ് നേടണം. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് സോഡ നിര്‍മാണത്തിനുള്ള ലൈസന്‍സ് നേടിയ ശേഷം അതിന്റെ മറവിലാണ് ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നത്. 

ബി.ഐ.എസ് നിയമം കര്‍ശനമാക്കുന്നതോടെ അനധികൃത കമ്പനികള്‍ പൂട്ടി പോകുമെന്നാണ്  ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. 2018 മേയ് 10-നാണ് കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്. ഒരു വിഭാഗം കമ്പനികള്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി പി. തിലോമത്തമന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തുകയായിരുന്നു. എന്നാല്‍ വന്‍കിട കമ്പനികള്‍ ഇതിനെ എതിര്‍ത്തു. നിര്‍മ്മാണച്ചെലവ് ചൂണ്ടിക്കാട്ടിയാണ് അവര്‍ പ്രതിരോധിച്ചത്. കുറഞ്ഞ വില 15 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത് നിയമ യുദ്ധത്തിലേക്ക് നീങ്ങിയപ്പോഴാണ് കുപ്പിവെള്ളത്തെ അവശ്യ സാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് വില നിര്‍ണയിച്ചത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait