അശ്വിനി കുമാര്‍ വധക്കേസ്: മൂന്നാം സാക്ഷിയെ വിസ്തരിച്ചു; സാക്ഷി പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞു

Published on 12 February 2020 1:41 pm IST
×

തലശ്ശേരി: ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനര്‍ ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാറിനെ (27) ബസ്സിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു മുമ്പാകെ ആരംഭിച്ചു. കേസിലെ മൂന്നാം സാക്ഷിയും സംഭവ ദിവസം അശ്വിനി കുമാറിനൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയും ചെയ്ത ഇ.കെ കരുണാകരനെ ഇന്നലെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു. സാക്ഷി പ്രതികളെയും ആയുധങ്ങളും വിചാരണ കോടതി മുമ്പാകെ തിരിച്ചറിഞ്ഞു.

2005 മാര്‍ച്ച് 10-ന് കാലത്ത് ഇരിട്ടി പുന്നാട് നിന്ന് പ്രേമ എന്ന സ്വകാര്യ ബസ്സില്‍ അശ്വിനി കുമാറിനൊപ്പം കയറിയതായും 10.15-ന് ഇരിട്ടി പയഞ്ചേരിമുക്കിലെത്തിയപ്പോള്‍ ബസ്റ്റോപ്പിന് സമീപം വെച്ച് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായും സാക്ഷി വിചാരണ കോടതി മുമ്പാകെ മൊഴി നല്‍കി. ഈ സമയം ബസ്സിലുണ്ടായിരുന്ന ഒന്നാം പ്രതി അമീന്‍ കഠാര കൊണ്ട് അശ്വിനികുമാറിന്റെ ഇടതു നെഞ്ചില്‍ കുത്തിയിറക്കിയതായും പിന്നീട് ബസ്സില്‍ യാത്ര ചെയ്തിരുന്ന കേസിലെ രണ്ട്, മൂന്ന് പ്രതികളായ പി.കെ അസീസ്, മര്‍ഷൂദ് എന്നിവര്‍ വാളു കൊണ്ട് അശ്വിനി കുമാറിന്റ കൈക്ക് വെട്ടിയതായും സാക്ഷി മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് അശ്വിനികുമാര്‍ നിലവിളിക്കുകയും ഈ സമയം യാത്രക്കാര്‍ ബഹളം വെക്കുകയും ചെയ്തു. നാലാം പ്രതിയായ പി.എം സിറാജ് ബഹളം വെച്ച യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം തന്നെ പുറത്തുനിന്ന് രണ്ട് തവണ ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായും സാക്ഷി മൊഴി നല്‍കി. അക്രമി സംഘം പിന്നീട് പിന്നാലെ എത്തിയ ജീപ്പില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. സാക്ഷിയുടെ ചീഫ് വിസ്താരം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. ക്രോസ് വിസ്താരം ഇന്ന് നടക്കുകയാണ്.  

14 എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പി.കെ അസീസ് (38), ചാവശ്ശേരിയിലെ ഷരീഫ മന്‍സിലില്‍ എം.വി മര്‍ഷൂദ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പി.എം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലക്കണ്ടി എം.കെ യൂനുസ് (43), ശിവപുരം എ.പി ഹൗസില്‍ സി.പി ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍കണ്ടി വളപ്പില്‍ ആര്‍.കെ അലി (45),  കൊവ്വമല്‍ നൗഫല്‍ (39), ഇരിട്ടി പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സി.എം ഹൗസില്‍ മുസ്തഫ (47), ഇരിട്ടി കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ. ഷമ്മാസ് (35), കെ. ഷാനാവസ് (44), ബഷീര്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍.

2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേകാലോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് പോകുകയായിരുന്ന പ്രേമ എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ വെച്ച് ബസ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. 2009 ജൂലായ് 31-നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. വിളക്കോട്ടെ മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍, അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ.പി ബിനീഷ, അഡ്വ. പി. പ്രേമരാജന്‍ എന്നിവരാണ് ഹാജരാവുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait