ശുഹൈബ് രക്തസാക്ഷി ദിനം ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കണം: ജോസഫ് വാഴക്കന്‍

Published on 12 February 2020 1:25 pm IST
×

കണ്ണൂര്‍: ശുഹൈബ് രക്തസാക്ഷി ദിനം കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കണമെന്നും രാജ്യത്തിന്റെ ശാപമായ ഈ പ്രസ്ഥാനത്തെ തുറന്നുകാണിക്കാനും കാപട്യം ബോധ്യപ്പെടുത്താനും ഈ ദിനം ഉപയോഗിക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആര്‍.എസ്.എസിനേക്കാള്‍ വലിയ ഭീകരനായ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജനങ്ങളെ കബളിപ്പിക്കാന്‍ ചില സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനു മുന്നില്‍ രണ്ടും തുല്യരാണെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു. അനുഭവങ്ങളുടെ അടിസ്ഥാനത്തിന്‍ ആര്‍.എസ്.എസിനേക്കാളും വലിയ ഫാസിസ്റ്റ് പാര്‍ട്ടി സി.പി.എം ആണെന്ന് പറയേണ്ടി വരും. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്ത പ്രസ്ഥാനത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാന്‍ ശ്രമിക്കണമെന്നും കമ്യൂണിസത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും അകലെയാണ് പിണറായിയുടെ പ്രത്യയ ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.സി.പി.എമ്മിന്റെ കാപട്യ പ്രചാരണം തുറന്നുകാണിക്കാന്‍ പലപ്പോഴും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, സജീവ് മറോളി, മേയര്‍ സുമ ബാലകൃഷ്ണന്‍, വി.എ നാരായണന്‍, ചന്ദ്രന്‍ തില്ലങ്കേരി, എം.പി മുരളി, റിജില്‍ മാക്കുറ്റി, മാര്‍ട്ടിന്‍ ജോര്‍ജ്, കെ.സി മുഹമ്മദ് ഫൈസല്‍, ടി.ഒ മോഹനന്‍, വി.പി അബ്ദുള്‍ റഷീദ്, മുഹമ്മദ് ഷമ്മാസ് എന്നിവര്‍ സംസാരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait