കൊറോണ വൈറസ് ബാധ: ചൈനയില്‍ മരണം ആയിരം കടന്നു 

Published on 11 February 2020 11:45 am IST
×

ബെയ്ജിങ്: ചൈനയില്‍ 103 പേര്‍ കൂടി മരണത്തിന് കീഴങ്ങിയതോടെ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ കൊറോണ ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,011 ആയി. ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടാണിത്. 

2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി. സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് ഷി ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി രോഗികളെയും ആരോഗ്യ പ്രവര്‍ത്തകരേയും സന്ദര്‍ശിച്ചു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദേശത്തില്‍ ബ്രൂസ് ഐല്‍വാര്‍ഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ദ സംഘം തിങ്കളാഴ്ച ചൈനയിലെത്തി. 2014-2016 കാലഘട്ടത്തില്‍ ആഫ്രിക്കയിലെ എബോള വ്യാപനത്തിനെതിരെ പ്രവര്‍ത്തിച്ച വിദഗ്ദ സംഘത്തിന്റെ സാരഥിയായിരുന്നു ബ്രൂസ്. 

വൂഹന്‍ തലസ്ഥാനമായ ഹ്യൂബൈയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ലോകത്തിലെ വിവിധ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3,367 പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ ബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യാന്‍ സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait