മദ്യപിച്ച് റെയില്‍വേ ട്രാക്കിലൂടെ കാര്‍ ഓടിച്ചു കയറ്റി

സംഭവം കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം. ഈ സമയത്ത് തീവണ്ടികള്‍ വരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍
Published on 20 July 2023 IST

എടക്കാട്: കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കിലേക്ക് കാര്‍ ഓടിച്ചു കയറ്റി. പാളത്തില്‍ കാര്‍ കണ്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. രാത്രി 11.30ഓടെ സ്പിന്നിങ് മില്ലിന് സമീപത്തെ ഗേറ്റിനടുത്താണ് സംഭവം. കാറിലുണ്ടായിരുന്നയാള്‍ പൂര്‍ണമായും മദ്യപിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ പാളത്തില്‍ നിന്നും തള്ളി നീക്കുകയായിരുന്നു. പാളത്തില്‍ കാര്‍ കയറ്റിയിട്ട സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലിസ് കേസെടുത്തിട്ടുണ്ട്. അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ.ജയപ്രകാശന്‍(49)എന്നയാള്‍ക്കെതിരേയാണ് കേസ്. കണ്ണൂരില്‍ നിന്നും സ്പിന്നിങ് മില്ലിന് സമീപത്തെ റെയില്‍വേ ക്രോസിങ് വഴി കടന്നു പോകുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് പാളത്തിലേക്ക് പോവുകയായിരുന്നു. ഗേറ്റില്‍ നിന്ന് നൂറ് മീറ്ററോളം കാര്‍ പാളത്തിലൂടെ പോയ നിലയിലായിരുന്നു. നാട്ടുകാര്‍ എത്തി അന്വേഷിക്കുമ്പോഴും ഇയാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് കാര്‍ നീക്കാന്‍ പറ്റാതെ കുഴയുകയായിരുന്നു. കാര്‍ പാളത്തിന് സമാന്തരമായി കയറ്റിയിട്ടതിനാല്‍ തള്ളി നീക്കാനും പ്രയാസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തള്ളി നീക്കി ഒടുവില്‍ റോഡിലേക്ക് മാറ്റിയിട്ടു.
ഈ സമയത്ത് തീവണ്ടികള്‍ വരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait