ചക്കരക്കല്‍ ദന്തല്‍ കോളജില്‍ റാഗിങ്; ആറുപേര്‍ക്കെതിരേ കേസെടുത്തു

താറാവ് മുട്ടയിടുന്നതുപോലെ കാണിക്കാന്‍ ആവശ്യപ്പെട്ടാണ് പീഡനം റാഗിങിന് ഇരയായത് 19കാരിയായ ആലപ്പുഴ സ്വദേശിനി
Published on 13 July 2023 IST


കണ്ണൂര്‍: ചക്കരക്കല്‍ ദന്തല്‍ കോളജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയെ റാഗിങിന് വിധേയമാക്കിയ സംഭവത്തില്‍ ആറ് സീനിയര്‍ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതിയില്‍ പോലിസ് കേസെടുത്തു. 19കാരിയായ ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസി കോഴ്‌സിന് പഠിക്കുന്ന കണ്ടാലറിയാവുന്ന ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് ആദ്യവാരത്തിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലേക്ക് പോകവെ ബോയ്‌സ് ഹോസ്റ്റലിന് മുന്നില്‍ വച്ച് ഫാര്‍മസി കോളജില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ഥികളായ കണ്ടാലറിയാവുന്ന നാലു പേര്‍ തടഞ്ഞ് നിര്‍ത്തി താറാവ് മുട്ടയിടുന്നെങ്ങിനെയെന്നു കാണിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ പറഞ്ഞപ്രകാരം പരാതിക്കാരി അവിടെ ഇരുന്ന സമയം പ്രതികളിലൊരാള്‍ പിറകില്‍ നിന്നും പരാതിക്കാരിയുടെ ചുരിദാര്‍ ടോപ്പിന്റെ അറ്റം പൊക്കി സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇക്കഴിഞ്ഞ ജൂണ്‍ 15ന് രാവിലെ പരാതിക്കാരി ഹോസ്റ്റലില്‍ നിന്നും ക്ലാസിലേക്ക് പോകുന്ന സമയത്ത് ഹോസ്റ്റല്‍ ഗ്രൗണ്ടിനടുത്തുള്ള കാടുമൂടിയ സ്ഥലത്ത് വച്ച് നാല് പ്രതികളും കണ്ടാലറിയാവുന്ന ഫാര്‍മസി കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളായ രണ്ടു പേരും  പരാതിക്കാരിയെ വിളിച്ച് നീ അന്ന് ചെയ്ത മുട്ടയിടുന്ന വീഡിയോ ഞങ്ങളുടെ ഫോണിലുണ്ടെന്നും അത് മറ്റുളളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരിയുടെ കൈയ്യില്‍ പിടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി കൈകൊണ്ട് പ്രതികളിലൊരാളെ അടിച്ചു. തുടര്‍ന്ന് കൂട്ടത്തിലൊരാള്‍ വലതുകൈ പിറകോട്ട് പിടിച്ച് ലൈംഗിക ഉദ്ദേശത്തോടെ പരാതിക്കാരിയുടെ പിന്‍ഭാഗത്ത് പിടിച്ചമര്‍ത്തുകയും മറ്റുള്ളവര്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം ഇവിടെ പഠിക്കേണ്ടതാണ് എന്ന കാര്യം മറക്കേണ്ട എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 1998-ലെ റാഗിങ്ങ് നിരോധന നിയമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്ത് ചക്കരക്കല്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait