ആകാശത്തു വച്ചു നടക്കുന്ന ഏറ്റവും വലിയ വിവാഹം

യുഎഇയിലെ ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയാണ് തന്റെ മകൾ വിധി പോപ്ലിയുടെ വിവാഹം സ്വകാര്യ വിമാനത്തിൽ നടത്താനൊരുങ്ങുന്നത്.
Published on 18 October 2023 IST

ദുബായ്: ആഡംബര നഗരമായ ദുബായ് ജനപ്രിയ വിവാഹകേന്ദ്രം കൂടിയാണ്. അതിമനോഹരമായ നഗരദൃശ്യങ്ങളും യാത്രാ-താമസ സൗകര്യങ്ങളും റിസോർട്ടുകളും വുനോദകേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളുമെല്ലാം ഇതിന് കാരണമാണ്. വരുന്ന നവംബറിൽ നഗരത്തിൽ നടക്കാനിരിക്കുന്ന ഒരു വിവാഹ ആഘോഷം ഇപ്പോൾ തന്നെ വാർത്തകളിൽ ഇടംപിടിച്ചുകഴിഞ്ഞു. റിസോട്ടിലോ ഹോട്ടലിലോ അല്ല, ആകാശത്താണ് വിവാഹ ആഘോഷ പരിപാടികൾ നടക്കുന്നത്.

 

യുഎഇയിലെ ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയാണ് തന്റെ മകൾ വിധി പോപ്ലിയുടെ വിവാഹം സ്വകാര്യ വിമാനത്തിൽ നടത്താനൊരുങ്ങുന്നത്. നവംബർ 24 വെള്ളിയാഴ്ചയാണ് ആഘോഷ പരിപാടികൾ.

 

ബോളിവുഡ്-ഹോളിവുഡ് സെലിബ്രിറ്റികൾ, വിശിഷ്ടാതിഥികൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങി 300 പേരുടെ സാന്നിധ്യത്തിലാണ് വിവാഹം. സ്വകാര്യ ചാർട്ടർ ഫ്ളൈറ്റ് ഓപറേറ്ററായ ജെറ്റെക്സ് ബോയിങ് 747 വിമാനമാണ് ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂർ നീണ്ട ആഘോഷ യാത്രയ്ക്കായി ഒമാനിലേക്ക് പറക്കും.

കഴിഞ്ഞ 30 വർഷമായി ദുബായിൽ താമസിക്കുകയാണ് പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ ദിലീപ് പോപ്ലി. മകളുടെ വിവാഹം തന്റെയും കുടുംബത്തിന്റെയും ഏറ്റവും സന്തോഷകരമായ സന്ദർഭമാണെന്നും ഈ മുഹൂർത്തം അവിശ്വസനീയമായ അനുഭവമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

വിവാഹ വാർത്ത അറിയിക്കാൻ പോപ്സി കുടുംബവും യുഎഇയിലെയും ഇന്ത്യയിലെയും ജ്വല്ലറി, ഡയമണ്ട് ഔറ്റ്ലെറ്റുകളുടെ ഉടമകളും നടത്തിപ്പുകാരും വിവാഹ ആസൂത്രകരും ചേർന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരുമായും ലോകവുമായും ഈ സന്തോഷ വാർത്ത പങ്കിടുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതിരുകളില്ലാത്ത ചാരുത പകരുന്ന ദുബായ് നഗരം ഇത്തരമൊരു സവിശേഷമായ ആഘോഷത്തിന് അനുയോജ്യമായ നഗരമാണ്-ദിലീപ് പോപ്ലി അഭിപ്രായപ്പെട്ടു.

പോപ്സി കുടുംബം ഇതാദ്യമായല്ല ആകാശത്ത് വിവാഹം നടത്തുന്നത്. 1994 ഒക്ടോബർ 18ന് പോപ്ലി ജ്വല്ലേഴ്സിന്റെ ഉടമ ലക്ഷ്മൺ പോപ്സി തന്റെ മകൻ ദിലീപിന്റെ വിവാഹം എയർ ഇന്ത്യ വിമാനത്തിൽ ആഘോഷിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു.

 

1927ലാണ് പോപ്ലി ജ്വല്ലേഴ്സ് സ്ഥാപിതമായത്. നിലവിൽ ദുബായിലും മുംബൈയിലുമായി 18 ഷോറൂമുകൾ പ്രവർത്തിക്കുന്നു. പോപ്ലി ഗ്രൂപ്പിന് നിരവധി അനുബന്ധ വ്യാപാരങ്ങളുമുണ്ട്. വാച്ചുകൾ, ആക്സസറികൾ, കമ്മ്യൂണിക്കേഷൻസ്, എഴുത്ത് ഉപകരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയ മേഖലകളിലെ ആഡംബര ബ്രാൻഡുകളുടെ റീട്ടെയിൽ, ഡിസ്ട്രിബ്യൂഷൻ, മാർക്കറ്റിങ് എന്നിവയിൽ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait