ആകാശ ലോകത്തെ അദ്ഭുതങ്ങളെ അടുത്തറിഞ്ഞ് കുട്ടികൾ

ബഹിരാകാശ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
Published on 10 October 2023 IST

ഭൂമിയിലല്ലാതെ പ്രപഞ്ചത്തിലെവിടെയെങ്കിലും മനുഷ്യരുണ്ടോ ? മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് കെട്ടുകഥയാണോ ? ആകാശ ലോകത്തെക്കുറിച്ചുള്ള സംശയങ്ങൾ പങ്കു വെച്ചും കൗതുകങ്ങൾ അറിഞ്ഞും കുട്ടികൾ . ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ എസ് ആർ ഒ എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'ആകാശത്തോളം അറിയാം' സെമിനാറിലാണ് ബഹിരാകാശ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കിയത് . ജില്ലയിലെ 21 ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 134 വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ നാല് മുതൽ 10 വരെ നടക്കുന്ന ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹിരാകാശവും സംരംഭകത്വവും എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരാഘോഷത്തിന്റെ ആശയം

 

കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ അസി. കലക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. ഐ എസ് ആർ ഒ ഏവിയോണിക്സ് സയൻറ്റിസ്റ്റ് എഞ്ചിനീയർ എസ് ഫെമിനാ ബീഗം ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ചന്ദ്രയാൻ 3 ന്റെ വിക്ഷേപണ ദൃശ്യങ്ങൾ കൗതുകത്തോടെയാണ് കുട്ടികൾ കണ്ടത്. റോക്കറ്റുകളുടെയും സാറ്റലൈറ്റുകളുടെയും പ്രത്യേകതകൾ, അവയുടെ ഉപയോഗങ്ങൾ,

ബഹിരാകാശ സാങ്കേതിക വിദ്യയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾ,

ഗഗൻയാൻ, ബഹിരാകാശ പഠന മേഖലകൾ, ഐ എസ് ആർ ഒ യിലെ തൊഴിലവസരങ്ങൾ തുടങ്ങിയവ സെമിനാറിൽ പങ്കുവെച്ചു.

 

ഡെപ്യൂട്ടി കലക്ടർ (ഡിഎം) കെ വി ശ്രുതി കലക്ടറേറ്റ് സംവിധാനങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ശിശു വികസന ഓഫീസർ ഡീന ഭരതൻ , ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ.കെ രവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ വി രജിഷ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ (ഐസി) നിതീഷ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. കലക്ടറേറ്റിലേക്ക് ചിത്രങ്ങൾ വരച്ചു നൽകിയ വിദ്യാർഥികൾക്ക് അസി. കലക്ടർ ഉപഹാരങ്ങൾ നൽകി. 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait