പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്
Published on 10 October 2023 IST

 

അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനമെങ്കിലും ബി എം ആന്റ് ബി സി റോഡുകള്‍ ആക്കിതീര്‍ക്കുമെന്ന വകുപ്പിന്റെ ലക്ഷ്യം രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലോട്ടുപള്ളി-പരിയാരം-വെമ്പടി-കോളാരി-നെടിയാഞ്ഞിരം റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം വെമ്പടി ടൗണ്‍ പരിസരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മട്ടന്നൂര്‍ മണ്ഡലത്തിലെ 264 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡില്‍ 202 കിലോമീറ്ററും ബി എം ആന്റ് ബി സി ആയി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പി ഡബ്ല്യൂ ഡി റോഡുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിര്‍മ്മാണ രീതികള്‍ അവലംബിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ മണ്ഡലത്തിലെ ജൈവവൈവിധ്യ കേന്ദ്രമായ പൂങ്ങോട്ടുംവനത്തില്‍ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന് വനംവകുപ്പ് മന്ത്രിയുമായി അടിയന്തര ചര്‍ച്ച നടത്തുമെന്നും ശേഷം എം എല്‍ എയും നഗരസഭയുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള റോഡ് പാലോട്ടുപള്ളി മുതല്‍ നെടിയാഞ്ഞിരം വരെ 5.7 കിലോമീറ്ററാണുള്ളത്. പ്രവൃത്തിയുടെ ഭാഗമായി റോഡ് കാര്യേജ് വേ അഞ്ചര മീറ്ററാക്കി വീതി കൂട്ടി അഭിവൃദ്ധിപ്പെടുത്തുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ കള്‍വേര്‍ട്ടും ഡ്രൈനേജും സൈഡ് കോണ്‍ക്രീറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.43 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് പ്രവൃത്തിക്ക് ലഭിച്ചിട്ടുള്ളത്.  

കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ശ്രീനാഥ്, പി പ്രസീന, പി അനിത, കെ മജീദ്, വി കെ സുഗതന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി കെ സിജില്‍, പി ശ്രീജ, ഇ ശ്രീജേഷ്, സി ശ്രീലത, എം അഷ്‌റഫ്, പി പി അബ്ദുള്‍ ജലീല്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ യു പി ജയശ്രീ, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം തലശ്ശേരി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീല ചോരന്‍, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait